പാര്‍ട്ടിയെ വെല്ലുവിളിച്ച് വീണ്ടും വി എസ്

Webdunia
വ്യാഴം, 24 ജനുവരി 2013 (19:26 IST)
PRO
വി എസ് അച്യുതാനന്ദന്‍ വീണ്ടും സി പി എമ്മിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. തനിക്കെതിരായ പാര്‍ട്ടി കമ്മീഷന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ജനങ്ങള്‍ പുച്ഛിച്ചുതള്ളുമെന്നാണ് വി എസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രതികരണം പരസ്യമായ അച്ചടക്കലംഘനമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. നിര്‍ഭാഗ്യകരമാണ് വി എസിന്‍റെ പ്രതികരണമെന്ന് മുതിര്‍ന്ന നേതാവായ എം എം ലോറന്‍സും പ്രതികരിച്ചു.

ലാവ്‌ലിന്‍ കേസ് സി ബി ഐ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ ഞാന്‍ എങ്ങനെ ഇടപെട്ടു എന്നാണ് പറയുന്നത്? ഈ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളൊക്കെ കഴിഞ്ഞ സംസ്ഥാന സമ്മേളന കാലയളവിലും ഉയര്‍ന്നുവന്നതാണ്. അന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇടപെട്ട് അത് പിന്‍‌വലിച്ചിരുന്നു. ഈ റിപ്പോര്‍ട്ടൊന്നും നിലനില്‍ക്കുന്നതല്ല. ജനങ്ങള്‍ ഇത് പുച്ഛിച്ച് തള്ളും - വി എസ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

പാര്‍ട്ടി സംസ്ഥാന സമിതിയിലുയര്‍ന്ന ആരോപണങ്ങളെ തലയുയര്‍ത്തിത്തന്നെ നേരിടാനാണ് വി എസ് തീരുമാനിച്ചിരിക്കുന്നത് എന്ന് ഈ മറുപടിയില്‍ നിന്ന് വ്യക്തം. തന്‍റെ ജനപിന്തുണ ഉപയോഗിച്ച് പാര്‍ട്ടി നീക്കങ്ങളെ ശക്തമായി നേരിടുമെന്നാണ് വി എസ് പ്രഖ്യാപിച്ചിരിക്കുന്നത്. വി എസിന്‍റെ ജനപിന്തുണയെക്കുറിച്ച് നല്ല ബോധ്യമുള്ള ഔദ്യോഗിക പക്ഷവും കേന്ദ്രനേതൃത്വവും വി എസിന്‍റെ ഈ നടപടിയെ എങ്ങനെ സമീപിക്കും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

തന്‍റെ പേഴ്സണല്‍ സ്റ്റാഫിനെതിരെ നടപടിയെടുക്കുന്നതില്‍ വിജയിക്കാന്‍ ഔദ്യോഗികപക്ഷത്തിന് കഴിഞ്ഞില്ല എന്നത് വി എസിന്‍റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. കേന്ദ്ര കമ്മിറ്റിയിലെ ഒരു വലിയ വിഭാഗം ഇപ്പോഴും പിന്തുണയുമായി ഒപ്പമുണ്ട് എന്ന തിരിച്ചറിവ് വി എസിന് പകര്‍ന്നുനല്‍കുന്ന ആശ്വാസം ചെറുതല്ല.