പാപ്പാന്‍ മദ്യപിച്ചെത്തി; ആനയ്ക്ക് കൊടിയമര്‍ദ്ദനം

തിങ്കള്‍, 8 ഏപ്രില്‍ 2013 (15:52 IST)
PRO
PRO
മദ്യലഹരിയില്‍ ആനയെ ക്രൂരമായി മര്‍ദ്ദിച്ച ഗുരുവായൂര്‍ ദേവസ്വം പാപ്പാനെതിരെ പൊലീസ്‌ കേസെടുത്തു. വെള്ളിയാഴ്ച്ച ഉച്ചയോടെ 26-കാരനായ "കൃഷണ"യാണ്‌ ഏറ്റവുമൊടുവില്‍ ക്രൂരപീഡനത്തിനിരയായത്‌. മദ്യലഹരിയില്‍ ആനയെ തോട്ടിയും കോലും ഉപയോഗിച്ച്‌ മൃഗീയമായി മര്‍ദ്ദിക്കുകയായിരുന്നു.

ആനയുടെ വായിലേക്ക്‌ നീളമുള്ള തോട്ടി തള്ളികയറ്റി ക്രൂരമര്‍ദ്ദനമുറകളാണ്‌ പാപ്പാന്‍ ചെയ്തത്‌. മദ്യലഹരിയിലായിരുന്ന "കൃഷണ"യുടെ ഒന്നാംപാപ്പാന്‍ ബൈജുവാണ്‌ ആനയെ ക്രൂരമായി മര്‍ദ്ദിച്ചത്‌. ആനത്താവളം സന്ദര്‍ശിക്കാനെത്തിയവരാണ്‌ ആനയെ പീഡിപ്പിക്കുന്നത്‌ ദേവസ്വം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്‌. ആനയെ മര്‍ദ്ദിക്കുന്നതുകണ്ട സന്ദര്‍ശകര്‍ ചോദ്യംചെയ്തത്‌ ഇയാളെ കൂടുതല്‍ ക്ഷുഭിതനാക്കി.

ആനയെ മൃഗീയമായി പീഡിപ്പിക്കുന്നതു കണ്ട സന്ദര്‍ശകരില്‍ ചിലര്‍ പാപ്പാന്‍ ബൈജുവിനെ കയ്യേറ്റം ചെയ്യാനും ശ്രമംനടത്തി. ക്ഷുഭിതരായ സന്ദര്‍ശകകൂട്ടം ഓഫീസിലെത്തി സൂപ്പര്‍വൈസറോട്‌ പരാതി പറഞ്ഞു. ഉടനെ സൂപ്പര്‍വൈസര്‍ അഡ്മിനിസ്റ്റ്രേറ്റര്‍ക്ക്‌ വിവരം നല്‍കി. അഡ്മിനിസ്റ്റ്രേറ്ററുടെ നിര്‍ദ്ദേശപ്രകാരം ഗുരുവായൂര്‍ പോലീസ്‌ കോട്ടയിലെത്തി. പോലീസിന്റെ മുന്നില്‍ വെച്ച്‌ ഞൊടിയിടയില്‍ മറ്റൊരാനയുടെ പാപ്പാനായ സതീശന്‍, ബൈക്കില്‍ ബൈജുവിനേയുംകൊണ്ട്‌ സ്ഥലംവിട്ടു.

രേഖാമൂലം അഡ്മിനിസ്റ്റ്രേറ്റര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബൈജുവിനെതിരെ കേസെടുത്തു. വന്യമൃഗസംരക്ഷണപ്രകാരം മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള വകുപ്പനുസരിച്ചാണ്‌ ഇയാള്‍ക്കെതിരെ ഗുരുവായൂര്‍ എസ്‌.ഐ: വി.സി. സൂരജ്‌ കേസെടുത്തിട്ടുള്ളത്‌. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്‌. തമിഴ്‌നാട്‌ മുഖ്യമന്ത്രി ഡോ: കെ.ജെ. ജയലളിത നടയിരുത്തിയ കൊമ്പനാണ്‌ "കൃഷണ."

പാപ്പാന്‍മാരുടെ കൊടുംക്രൂരതമൂലം കഴിഞ്ഞവര്‍ഷം ജൂലായില്‍ അകാലമൃത്യുവരിച്ച അര്‍ജ്ജുന്‍ എന്ന 21-കാരന്‍ കൊമ്പന്‍, സമീപകാലത്തെ രക്തസാക്ഷികളില്‍ ഒരാള്‍മാത്രമാണ്‌. നീരിനു ശേഷം നടത്താറുള്ള ചട്ടം പടിപ്പിക്കലിനിടെയാണ്‌ വലിയ തോട്ടികൊണ്ടുള്ള മര്‍ദ്ദനമേറ്റ അര്‍ജ്ജുന്‍ ചരിഞ്ഞത്‌. ജീവിച്ചിരിക്കുന്ന മുകുന്ദന്‍ ഉള്‍പ്പടെ ഒട്ടേറെ കൊമ്പന്‍മാര്‍ ഇപ്പോഴും ജീവച്ഛവമായി ഗുരുവായൂര്‍ ദേവസ്വം ആനകോട്ടയില്‍ കഴിഞ്ഞുകൂടുന്നുണ്ട്‌.

വെബ്ദുനിയ വായിക്കുക