പാട്ടക്കരാര്‍ ലംഘനം: ടാറ്റയ്ക്ക് അനുകൂലമായി ട്രൈബ്യൂണല്‍ വിധി

Webdunia
വ്യാഴം, 30 ജനുവരി 2014 (18:24 IST)
PRO
PRO
മൂന്നാറില്‍ ടാറ്റ നടത്തിവരുന്ന റോസ്‌ ഗാര്‍ഡന്‍ തുടരാമെന്ന്‌ ഉത്തരവ്‌. മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബൂണലിന്റേതാണ്‌ വിധി. ടാറ്റ പാട്ടക്കരാര്‍ ലംഘനം നടത്തിയെന്ന ജില്ലാകളക്‌ടറുടെ നോട്ടീസ്‌ അസാധുവാക്കി. ഇക്കാര്യത്തില്‍ ദീര്‍ഘനാളായി തുടര്‍ന്ന്‌ വരുന്ന തര്‍ക്കത്തിന്‌ ഇതോടെ താല്‍ക്കാലിക വിരാമമായി.

മൂന്നാറിലെ 50 ഏക്കറുകളിലായി ടാറ്റ നടത്തുന്ന റോസ കൃഷിയാണ്‌ വിവാദത്തില്‍ കലാശിച്ചത്‌. എന്നാല്‍ പാട്ടക്കരാര്‍ പ്രകാരം മൂന്നാറില്‍ ടാറ്റയ്‌ക്ക് എന്തു കൃഷി വേണമെങ്കിലും ആകാമെന്ന്‌ സ്‌പെഷ്യല്‍ ട്രൈബൂണല്‍ കണ്ടെത്തി. ഇക്കാര്യത്തില്‍ കളക്‌ടറുടെ നോട്ടീസ്‌ അസാധുവാകും. ധൃതി പിടിച്ചാണ്‌ കളക്‌ടര്‍ നടപടി ചെയ്‌തതെന്ന്‌ ട്രൈബൂണല്‍ വിമര്‍ശിച്ചു. അതുപോലെ തന്നെ കൃഷി സംരക്ഷിക്കുന്നതിനായി ടാറ്റ നിര്‍മ്മിച്ചിരിക്കുന്ന വൈദ്യുത വേലിയും പൂര്‍ണ്ണമായും നിയമാനുസൃതമാണെന്ന്‌ ട്രൈബൂണല്‍ പറഞ്ഞു.

മൂന്നാറില്‍ ടാറ്റ നടത്തുന്ന റോസാ കൃഷി വിവാദമായതോടെ അവര്‍ തന്നെ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി അത്‌ മൂന്നാറിലെ സ്‌പെഷ്യല്‍ കോടതിയിലേക്ക്‌ 2010 ല്‍ അയയ്‌ക്കുകയുമായിരുന്നു. ഇനി ഇക്കാര്യത്തില്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുന്നത്‌ മാത്രമാണ്‌ വിമര്‍ശകരുടെ മുന്നിലുള്ള വഴി. ഭൂമിയിലെ തടയണ സംബന്ധിച്ച ഉത്തരവ്‌ അടുത്തയാഴ്‌ച ട്രൈബൂണല്‍ പറയും.