പണിമുടക്ക്; സംസ്ഥാനത്ത് മദ്യവില്പനകേന്ദ്രങ്ങള്‍ ഇന്ന് തുറക്കില്ല

Webdunia
ചൊവ്വ, 17 മാര്‍ച്ച് 2015 (10:30 IST)
ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും മദ്യവില്പനശാലകളിലെയും ജീവനക്കാര്‍ ചൊവ്വാഴ്ച പണിമുടക്കും. ജീവനക്കാര്‍ പണിമുടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മിക്ക മദ്യവില്പനകേന്ദ്രങ്ങളും ഇന്ന് തുറന്നേക്കില്ല. 
 
പുതിയ മദ്യനയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ അടച്ചിട്ട 52 മദ്യവില്പനശാലകള്‍ തുറക്കുക, തുറന്നിരിക്കുന്നവ ഘട്ടംഘട്ടമായി പൂട്ടാനുള്ള നീക്കം അവസാനിപ്പിക്കുക, ലേബലിങ് തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വെയര്‍ഹൗസുകളിലെ ലേബലിങ് തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
 
ജീവനക്കാരുടെ പ്രതിനിധികള്‍ എക്സൈസ് മന്ത്രി കെ ബാബുവുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയിരുന്നു. പക്ഷേ, ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഷോപ്പുകളുടെ എണ്ണം കുറയ്ക്കുന്നത് ഒഴിവാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല.
 
മദ്യനയത്തിന്റെ ഭാഗമായ തീരുമാനമായതിനാല്‍ ഇക്കാര്യത്തില്‍ തനിക്ക് നേരിട്ട് തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് മന്ത്രി കെ.ബാബു അറിയിച്ചു. ഈ സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങാന്‍ ജീവനക്കാര്‍ തീരുമാനിച്ചത്.