പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണം ഊര്‍ജ്ജിതമാക്കണം : മുഖ്യമന്ത്രി
വ്യാഴം, 13 ഫെബ്രുവരി 2014 (17:58 IST)
PTI
PTI
സംസ്ഥാനത്ത് മഴക്കാലരോഗങ്ങളെ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഊര്‍ജ്ജിതകര്‍മ്മപരിപാടി ആവിഷ്‌കരിച്ച് നടപ്പിലാക്കുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശം നല്‍കി. മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ. ബാബു, ഷിബു ബേബി ജോണ്‍, എം.കെ. മുനീര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ഇതുസംബന്ധിച്ച് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം നിര്‍ദ്ദേശിച്ചത്.
കൊതുകുജന്യ രോഗങ്ങളും ജലജന്യരോഗങ്ങളും നിയന്ത്രിക്കുവാന്‍ പരിസരശുചിത്വവും ഖര-ദ്രവ മാലിന്യങ്ങളുടെ ശാസ്ത്രീയ നിര്‍മ്മാര്‍ജ്ജനവും ഉറപ്പുവരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. മഴക്കാലരോഗങ്ങള്‍ക്കെതിരായ മുന്നൊരുക്കങ്ങള്‍ ഫലപ്രദമാക്കുന്നതിനു വേണ്ടിയുള്ള ജില്ലാതല യോഗങ്ങള്‍, അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഈ മാസംതന്നെ വിളിച്ചുകൂട്ടി കര്‍മ്മപദ്ധതി ആവിഷ്‌കരിക്കും.
ഓരോ ജില്ലയിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ജില്ലാതലങ്ങളില്‍ സര്‍വ്വകക്ഷി യോഗങ്ങള്‍ വിളിച്ചുകൂട്ടി ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ സ്വരൂപിക്കും. ഇതോടൊപ്പംതന്നെ, സംസ്ഥാനത്തെ മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും അതത് എംഎല്‍എ മാര്‍ യോഗങ്ങള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയുടെ നേതൃത്വത്തിലും യോഗങ്ങള്‍ വിളിച്ചുകൂട്ടി അതത് പ്രദേശങ്ങളില്‍ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കും. എല്ലാ ത്രിതല പഞ്ചായത്തുകളിലെയും വാര്‍ഡുതല ശുചിത്വ സമിതികള്‍ സമ്മേളിച്ച് കര്‍മ്മപദ്ധതി ആവിഷ്‌കരിക്കും.
വാര്‍ഡുതല സമിതികള്‍ക്ക് പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി 25,000 രൂപ വീതം അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതില്‍ പതിനായിരം രൂപ വീതം ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യവും പതിനായിരം രൂപ വീതം ശുചിത്വമിഷനും അയ്യായിരം രൂപ വീതം പഞ്ചായത്തുകളും (തനത് ഫണ്ട്) നല്‍കും. പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപനം ഉറപ്പുവരുത്തണമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍ദ്ദേശിച്ചു.