പാര്‍ട്ടി മുഖപത്രത്തില്‍ പാര്‍ട്ടി പ്ലീനത്തോടനുബന്ധിച്ച് വ്യവസായി വി എം രാധാകൃഷ്ണന്‍ ആശംസാ പരസ്യം നല്‍കിയതിനെതിരെ പരോക്ഷ പ്രതികരണവുമായി സിപിഎം നേതാവും കുന്നംകുളം എംഎല്‍എയുമായ ബാബു എം പാലിശേരിയുടെ ഫേസ്ബുക് പോസ്റ്റ്.
' ആവേശം ആകാശത്തോളം ഉയര്‍ന്നുനിന്ന നിമിഷത്തില്‍ സ്വയം തകര്‍ന്നു ഒരു ഗര്‍ത്തത്തിലേക്ക് നിപതിച്ചപോലെ. നെഞ്ച് വിരിച്ചു നിന്ന ശേഷം പിന്നെ തല കുംമ്പിട്ടു നില്‍ക്കേണ്ടി വന്ന പോലെ. നമ്മുടെതുപോലുള്ള ഒരു വലിയ പ്രസ്ഥാനം ആരുടേയും ചാക്കില്‍ വീഴാന്‍ പാടില്ലായിരുന്നു. എനിക്ക് ലജ്ജ തോന്നുന്നു' എന്നാണ് പാലിശേരി തന്റെ ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ദേശാഭിമാനിയിലെ പരസ്യവിവാദത്തില്‍ വിഎസ് അച്യുതാനന്ദനുള്‍പ്പടെയുള്ളവര്‍ കൊടുക്കാന്‍ പാടില്ലായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരുന്നു. സിപിഎം സംസ്ഥാനപ്ലീനത്തിന്റെ സമാപനദിവസം തന്നെ പരസ്യവിവാദം വന്നത് പ്ലീനത്തിന്റെ ശോഭ കെടുത്തി.
ഒരിക്കലും ഇങ്ങനെ സംഭവിക്കരുതായിരുന്നുവെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിവാദം വന്നയുടന്‍ തന്നെ പരസ്യം സ്വീകരിച്ചതിനെ ദേശാഭിമാനിയുടെ ജനറല്‍ മാനേജരും സിപിഎം നേതാവുമായ ഇ പി ജയരാജന്‍ ന്യായീകരിച്ചിരുന്നു.
മുതിര്‍ന്ന നേതാക്കളായ എം എം ലോറന്‍സും ആനത്തലവട്ടം ആനന്ദനും പരസ്യം സ്വീകരിച്ചതിനെ മാധ്യമങ്ങളില്‍ വിമര്‍ശിച്ചു.