നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്

Webdunia
ഞായര്‍, 13 ഒക്‌ടോബര്‍ 2013 (13:18 IST)
PRO
PRO
നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്. ബോര്‍ഡിന് കിഴക്ക് കമാലിയ്യ മസ്ജിന്റെ രണ്ടാം നില പണിയുന്നതിനിടെ ശനിയാഴ്ച രാവിലെ 11.30ഓടെയാണ് അപകടം. ചെന്ത്രാപ്പിന്നി സ്വദേശി തുപ്രാടന്‍ ജയപ്രകാശിന്റെ മകന്‍ ജിനീഷ് (23), എടത്തിരുത്തി കുട്ടമംഗലം സ്വദേശി കൃഷ്ണന്‍കുട്ടി (42), പി വെമ്പല്ലൂര്‍ സ്വദേശി സുധീഷ് (38) എന്നിവര്‍ക്കാണ് പരിക്ക്.

ഗുരുതര പരിക്കേറ്റ ജിനീഷിനെ തൃശൂര്‍ ജൂബിലി ആശുപത്രിയിലും മറ്റുള്ളവരെ മൂന്നുപീടികയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏഴുപേരടങ്ങുന്ന തൊഴിലാളി സംഘം വാര്‍ക്കപ്പണി നടത്തിക്കൊണ്ടി രിക്കെ, വാര്‍ക്കത്തട്ടിന്‍െറ തൂണുകള്‍ തകര്‍ന്ന് വീഴുകയായിരുന്നു. ഓടിയെത്തിയ തൊഴിലാളികളും നാട്ടുകാരും അടിയില്‍ പെട്ട രണ്ടുപേരെ രക്ഷിച്ചെങ്കിലും ഒരാളുടെ കാലുകള്‍ വാര്‍ക്കക്കടിയില്‍ നിന്ന് വലിച്ചെടുക്കാന്‍ കഴിഞ്ഞില്ല.

അരമണിക്കൂറിനുള്ളില്‍ ഇരിങ്ങാലക്കുടയില്‍നിന്ന് ഫയര്‍ഫോഴ്സും മതിലകം പൊലീസും ആക്ട്സ് ലൈഫ്ഗാര്‍ഡ് പ്രവര്‍ത്തകരും എത്തി കോണ്‍ക്രീറ്റ് കോരിമാറ്റിയാണ് കാലുകള്‍ വാര്‍ക്കക്കടിയില്‍പെട്ടയാളെ പുറത്തെടുത്തത്. തിരുവനന്തപുരം സ്വദേശി തുളസി എന്ന കരാറുകാരനാണ് വാര്‍ക്കപ്പണി നടത്തുന്നത്. പകുതിയോളം കോണ്‍ക്രീറ്റ് കഴിഞ്ഞപ്പോഴാണ് കെട്ടിടം തകര്‍ന്നത്. അശാസ്ത്രീയമായ രീതിയില്‍ മുളന്തൂണുകള്‍ സ്ഥാപിച്ചതാണ് വീഴ്ചക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.