തൃശൂര്‍ പൂരം: സുരക്ഷയുടെ കോട്ട തീര്‍ത്ത് പൊലീസ്!

വെള്ളി, 19 ഏപ്രില്‍ 2013 (12:46 IST)
PRO
PRO
തൃശൂര്‍ പൂരം സുരക്ഷക്ക്‌ 2700 പൊലീസുകാരെ നിയോഗിച്ചു‍. സിറ്റി പൊലീസ്‌ കമ്മീഷണര്‍ പി പ്രകാശിന്റെ നേതൃത്വത്തിലുള്ള വന്‍ പൊലീസ്‌ വ്യൂഹമാണ്‌ സുരക്ഷാക്രമീകരണങ്ങള്‍ക്കായി ഉള്ളത്. 27 ഡിവൈഎസ്പിമാര്‍, 47 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, 144 എസ്‌ഐമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും പൂരത്തിന്റെ സുരക്ഷാകാര്യങ്ങള്‍ നോക്കുന്നത്‌.

തൃശൂര്‍ പൂരം നടക്കുന്ന തേക്കിന്‍കാട്‌ മൈതാനം അഞ്ച്‌ സോണുകളായും വടക്കുന്നാഥ ക്ഷേത്രത്തെ ഒരു പ്രത്യേക സോണായും തിരിച്ചാണ്‌ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഓരോ ഡിവൈഎസ്പിമാരുടെ മേല്‍നോട്ടത്തിലായിരിക്കും ഓരോ സോണുകളും സെഗ്മെന്റുകളും. കൂടാതെ ട്രാഫിക്‌ നിയന്ത്രണത്തിനായി ട്രാഫിക്‌ സ്റ്റേഷനിലെ പൊലീസിന്റെ അംഗബലം കൂടാതെ ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന്‌ സിഐമാര്‍ 18 എസ്‌ഐമാര്‍ 250ഓളം പൊലീസുകാര്‍ എന്നിവരുമുണ്ടാകും.

സുരക്ഷാക്രമീകരണങ്ങള്‍ ഏകീകരിക്കുന്നതിനായി തേക്കിന്‍കാട്‌ മൈതാനിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. അതിനുപുറമെ സംസ്ഥാനത്തിന്‌ പുറത്തുനിന്നുള്ള മുതിര്‍ന്ന പൊലീസുകാരുടെ സേവനവും ഉപയോഗിക്കുന്നുണ്ട്‌. കവര്‍ച്ചയും മറ്റും തടയുന്നതിനായി നൂറോളം ഷാഡോ പൊലീസുകാരും രംഗത്തുണ്ടാകും. പൂരത്തോടനുബന്ധിച്ച്‌ ജില്ലയിലെ ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളിലെ പരിശോധനക്ക്‌ പുറമെ വാഹനപരിശോധനയും ശക്തമാക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

സുരക്ഷയുടെ ഭാഗമായി സ്വരാജ്‌ റൗണ്ടിലും പരിസരങ്ങളിലുമുള്ള ബലക്ഷയമുള്ള കെട്ടിടങ്ങളിലേക്ക്‌ പൊതുജനങ്ങള്‍ക്ക്‌ പ്രവേശനം അനുവദിക്കരുതെന്ന്‌ ബന്ധപ്പെട്ട കെട്ടിടങ്ങളുടെ ഉടമസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫോറസ്റ്റ്‌, വെറ്റിനറി, ഫയര്‍ ആന്റ്‌ റെസ്ക്യൂ, മെഡിക്കല്‍ വിഭാഗങ്ങളുടെ സേവനവും ആക്ട്സ്‌, എലിഫന്റ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നിവരുടെ സേവനവും ഉണ്ടായിരിക്കും. ചെറു പൂരങ്ങള്‍ വരുന്ന വഴിയില്‍ ആനകള്‍ക്ക്‌ അലോസരമുണ്ടാക്കുന്ന വിധത്തില്‍ റോഡരികില്‍ പടക്കം പൊട്ടിക്കരുതെന്നും കമ്മീഷണര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക