തൃശൂരില്‍ ലോറി ഇടിച്ച് നാല് മരണം

Webdunia
ബുധന്‍, 18 ഡിസം‌ബര്‍ 2013 (09:25 IST)
PRO
കുന്നംകളം കടവല്ലൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി നാല് പേര്‍ മരിച്ചു. കടവല്ലൂര്‍ സ്വദേശികളായ മനീഷ്,​ രാജന്‍,​ സുധാകരന്‍,​ മുകേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.

ഗുരുതരമായി പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടവല്ലൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയവര്‍ക്ക് ഇടയിലേക്കാണ് പൈപ്പുകള്‍ കയറ്റിപോകുകയായിരുന്ന ലോറി പാഞ്ഞുകയറിയത്. തൃശൂരില്‍ നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്ന ലോറി ടാങ്കറില്‍ തട്ടി നിയന്ത്രണം വിട്ട് കടവല്ലൂര്‍ ക്ഷേത്രത്തിലേക്ക് തിരിയുന്ന വഴിയില്‍ വച്ച് സംഘത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

രാജനെയും സുധാകരനെയും മുകേഷിനെയും അപകടം നടന്നയുടന്‍ കുന്നംകുളം റോയല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മനീഷ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം പെരുന്പിലാവ് അന്‍സാര്‍ ഹോസ്പിറ്റലില്‍.

അമിതഭാരം കയറ്റിയ നിലയിലായതിനാല്‍ ഇടിച്ചപ്പോള്‍ തന്നെ ലോറിയ്ക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.