താളത്തിനൊത്ത് തുള്ളിക്കാന്‍ നോക്കേണ്ട - ഹൈക്കോടതി

Webdunia
വെള്ളി, 29 ഓഗസ്റ്റ് 2008 (11:20 IST)
KBJWD
സിസ്റ്റര്‍ അഭയ കേസില്‍ സി.ബി.ഐക്ക് വീണ്ടും ഹൈക്കോടതി വിമര്‍ശനം. കോടതിയെ താളത്തിനൊത്ത് തുള്ളിക്കാന്‍ നോക്കരുതെന്ന് കോടതി സി.ബി.ഐക്ക് മുന്നറിയിപ്പ് നല്‍കി.

നാര്‍കോ അനാലിസിസ്‌ പരിശോധനയുടെ സി.ഡി സംബന്ധിച്ച്‌ വിശദീകരണം നല്‍കാന്‍ സി.ബി.ഐക്ക്‌ ഹൈക്കോടതി മൂന്നു ദിവസം കൂടി അനുവദിച്ചു. വിശദീകരണം ഇന്നു നല്‍കണമെന്നാണ്‌ കോടതി ആവശ്യപ്പെട്ടിരുന്നത്‌. എന്നാല്‍ മൂന്നു ദിവസത്തെ സാകാശം വേണമെന്ന സി.ബി.ഐ അഭ്യര്‍ത്ഥിക്കുകയായിരുന്നു.

ഈ ആവശ്യം അനുവദിച്ചുകൊണ്ടാണ് കോടതിയെ താളത്തിനൊത്ത് തുള്ളിക്കാമെന്ന് കരുതേണ്ടെന്ന് ഹൈക്കോടതി വാ‍ക്കാല്‍ വിമര്‍ശനം നടത്തിയത്. എന്നാല്‍ മറുപടി നല്‍കുമ്പോള്‍ എല്ലാ സംശയങ്ങളും ദുരീകരിക്കപ്പെടുമെന്ന് സി.ബി.ഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ചൊച്ചാഴ്ച വരെ സി.ബി.ഐ സമയം ചോദിച്ചെങ്കിലും തിങ്കളാഴ്ച വരെയേ സമയം അനുവദിക്കാനാവൂവെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഒരു സി.ഡി മാത്രമാണ് തങ്ങള്‍ക്ക് ലാബില്‍ നിന്നും കിട്ടിയതെന്ന വാദത്തില്‍ ഉറച്ചു നിന്നുകൊണ്ട് വിശദമായ സത്യവാങ്മൂലം നല്‍കാനാണ് സി.ബി.ഐയുടെ തീരുമാനം.