റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഒരു വ്യവസായിയാണെന്ന് പരാമര്‍ശം. കേസില്‍ പൊലീസ് കസ്‌റ്റഡിയില്‍ കഴിയുന്ന സി പി എം നേതാക്കളായ സി എച്ച് അശോകനും കെ കെ കൃഷ്‌ണനും ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.
ഈ വ്യവസായിക്ക് ചന്ദ്രശേഖരനോട് വൈരാഗ്യമുണ്ടായിരുന്നു. ഇതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചത്. അഴിയൂരില്‍ കുടിവെള്ള ബോട്ട്‌ലിംഗ് പ്ലാന്റ് ആരംഭിക്കാന്‍ ശ്രമിച്ച വ്യവസായിയുടെ നീക്കം ചന്ദ്രശേഖരന്‍ തടഞ്ഞിരുന്നു. ഇതാണ് വൈരാഗ്യത്തിന് കാരണമെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വ്യവസായിക്ക് കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധമുണ്ടെന്നും ജാമ്യാപേക്ഷയില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഈ വ്യവസായി ആരാണെന്ന് വ്യക്‌തമാക്കിയിട്ടില്ല.
തന്റെ ഭാഗം കേള്‍ക്കാതെയാണ് അന്വേഷണ സംഘം തന്നെ അറസ്റ്റ് ചെയ്തതെന്നും ജാമ്യഹര്‍ജിയില്‍ ആരോപിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനുശേഷം കോടതിയില്‍ ഹാജരാക്കിയ ഇവരെ ജൂണ്‍ ഏഴു വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരിക്കുകയാണ്. ഗൂഢാലോചന, പ്രേരണക്കുറ്റം. കൊലപാതകത്തെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിട്ടും മറച്ചുവെച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്.