ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയ സി പി എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പാറാട്ടെ കുഞ്ഞനന്തന്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ കോടതിയില്‍ കീഴടങ്ങുമെന്ന് സൂചന. സി പി എമ്മിന് ആര്‍ എസ് എസില്‍ നിന്നും മറ്റും വെല്ലുവിളി ഉയര്‍ന്നപ്പോള്‍ പാനൂര്‍ മേഖലയില്‍ പാര്‍ട്ടിയെ സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചയാളാണ് കുഞ്ഞനന്തന്‍. അതിനാലാണ് കുഞ്ഞനന്തനെ പൊലീസിന് വിട്ടുനല്‍കാന്‍ പാര്‍ട്ടി തയ്യാറാകാത്തത്.
യുവമോര്‍ച്ച നേതാവ് കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍, ബി ജെ പി നേതാവ് പന്ന്യന്നൂര്‍ ചന്ദ്രന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസുകളില്‍ സി പി എം പ്രവര്‍ത്തകര്‍ പ്രതികളായപ്പോള്‍ പാര്‍ട്ടി കൈക്കൊണ്ട നടപടി തന്നെയായിരിക്കും ഇത്തവണയും സ്വീകരിക്കുക. കേസുകളില്‍ പ്രതികള്‍ എന്ന് ആരോപിക്കപ്പെടുന്നവര്‍ നേരിട്ട് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
നിലവില്‍ കുഞ്ഞനന്തന്‍ ഒളിവില്‍ കഴിയുന്നത് പാര്‍ട്ടി അറിവോടെയാണെന്നാണ് പൊലീസ് നിഗമനം. ഇയാള്‍ക്കായി മൈസൂര്‍, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. കുഞ്ഞനന്തന്‍ വിദേശത്തേക്ക് കടന്നിട്ടില്ലെന്നു തന്നെയാണ് പൊലീസിന്റെ വിലയിരുത്തല്‍.