ടാങ്കര്‍ ലോറികളും പണിമുടക്കുന്നു

Webdunia
വെള്ളി, 19 ഒക്‌ടോബര്‍ 2007 (10:09 IST)
കഴിഞ്ഞ ദിവസം രാത്രി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ടാങ്കര്‍, എല്‍.പി.ജി ലോറി ഉടമകളും സമരം ആരംഭിച്ചു.

കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സമരം ആരംഭിച്ചത്. സംസ്ഥാനത്തെ മിക്ക ലോറികളും പണിമുടക്കിയതോടെ ചരക്ക് ഗതാഗതത്തെ ഇത് സാരമായി ബാധിക്കും. സംസ്ഥാനത്തെ വിപണികളെ വെള്ളിയാഴ്ച ലോറി സമരം ബാധിച്ചിട്ടില്ല. സമരം മുന്നില്‍ കണ്ട് വ്യാപാരികള്‍ സാധനങ്ങള്‍ കൂടുതലായി നേരത്തെ ഇറക്കിയിരുന്നു.

സമരം 24 മണിക്കൂറിന് ശേഷം നീളുകയാണ് സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ ക്ഷാമം അനുഭവപ്പെട്ട് തുടങ്ങും. ഇത് വിലക്കയറ്റത്തിനും കാരണമാകും. സംസ്ഥാനത്ത് നടക്കുന്ന സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലെ ലോറികളും സര്‍വ്വീസ് നിര്‍ത്തി വച്ചിരിക്കുകയാണ്.

അവശ്യസാധനങ്ങള്‍ക്ക് അന്യസംസ്ഥാനത്തെ ആശ്രയിക്കുന്ന കേരളത്തിന് ഇത് വലിയ പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഇത് രൂക്ഷമായ വിലവര്‍ദ്ധനവിനും കാരണമാകും. സര്‍ക്കാര്‍ എത്രതന്നെ ബദല്‍ നടപടികള്‍ സ്വീകരിച്ചാലും പരിഹാര്‍മാവില്ലെന്ന കണക്ക് കൂട്ടലാണിപ്പോഴുള്ളത്.

ടാങ്കര്‍, എല്‍.പി.ജി ലോറികളും സമരം തുടങ്ങിയത് രൂക്ഷമായ ഇന്ധനക്ഷാമത്തിനും കാരണമാകും.