ജേക്കബ് തോമസിനെ മാറ്റിയതില്‍ അതൃപ്തി, ഗ്രൂപ്പ് യോഗങ്ങള്‍ കോണ്‍ഗ്രസിന് നല്ലതുവരുത്തുമെങ്കില്‍ സ്വാഗതം, നിലപാടിലുറച്ച് സുധീരന്‍!

വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (12:43 IST)
തന്‍റെ നിലപാടില്‍ നിന്ന് ഒട്ടും വ്യതിചലിക്കാതെ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. ഡി ജി പി ജേക്കബ് തോമസിന്‍റെയും ടോമിന്‍ തച്ചങ്കരിയുടെയും മാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച സുധീരന്‍ തന്‍റെ അഭിപ്രായം പറയേണ്ടിടത്ത് പറയുമെന്ന് വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനങ്ങള്‍ വിവാദങ്ങളിലേക്ക് എത്തിപ്പെടാതെ ജാഗ്രതപാലിക്കണമെന്നും സുധീരന്‍ നിര്‍ദ്ദേശം നല്‍കി.
 
ജേക്കബ് തോമസിനെ മാറ്റിയതുള്‍പ്പടെയുള്ള സംഭവത്തില്‍ എനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. അത് പറയേണ്ട സ്ഥലങ്ങളില്‍ പറയും. പരസ്യമായ ഒരു ചര്‍ച്ചയ്ക്കില്ല. അരുവിക്കര തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ചേര്‍ന്ന കെ പി സി സി യോഗത്തിലും പാര്‍ട്ടി - സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തിലും യു ഡി എഫ് യോഗത്തിലുമെല്ലാം ഉയര്‍ന്ന ഒരു കാര്യം, സര്‍ക്കാര്‍ വിവാദപരമായ തീരുമാനങ്ങള്‍ എടുക്കരുത് എന്നായിരുന്നു. അരുവിക്കരയുടെ സ്പിരിറ്റ് ഉള്‍ക്കൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പും നേരിടണമെന്നായിരുന്നു തീരുമാനം. അതേ അഭിപ്രായമാണ് എനിക്കുമുള്ളത്. വിവാദങ്ങള്‍ ഉണ്ടാക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് ശരിയല്ല - സുധീരന്‍ വ്യക്തമാക്കി. 
 
പാര്‍ട്ടി പുനഃസംഘടന സംബന്ധിച്ച് എ ഐ സി സി നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ശേഷം മാത്രം മതി പുനഃസംഘടന എന്ന് കേന്ദ്രനേതൃത്വം ഇതുവരെ പറഞ്ഞിട്ടില്ല. അങ്ങനെ എന്തെങ്കിലും നിര്‍ദ്ദേശം തന്നാല്‍ അത് അനുസരിക്കും. ബ്ലോക്ക് തലം വരെയുള്ള പുനഃസംഘടന പൂര്‍ത്തിയായിക്കഴിഞ്ഞു. ഇത് പാര്‍ട്ടിക്ക് പുതിയ ഊര്‍ജ്ജം നല്‍കി - സുധീരന്‍ പറഞ്ഞു.
 
തനിക്കെതിരെ എ, ഐ ഗ്രൂപ്പുകള്‍ ഒന്നിക്കുന്നതിനെയും പലയിടങ്ങളിലും ഗ്രൂപ്പ് യോഗങ്ങള്‍ ചേരുന്നതിനെയും സുധീരന്‍ പരിഹസിച്ചു. ഇത്തരം യോഗങ്ങള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുന്നതിനുവേണ്ടിയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു എന്നാണ് സുധീരന്‍ പ്രതികരിച്ചത്. 
 
പാര്‍ട്ടി റാലിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്ക് പോകുന്ന വി എം സുധീരന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

വെബ്ദുനിയ വായിക്കുക