ജസ്റ്റിസ് ബസന്തിനെതിരേ വ്യാപക പ്രതിഷേധം

Webdunia
ശനി, 9 ഫെബ്രുവരി 2013 (19:19 IST)
PRO
PRO
സൂര്യനെല്ലി പെണ്‍കുട്ടിയെ അധിക്ഷേപിച്ച് ജസ്റ്റിസ് ആര്‍ ബസന്ത് നടത്തിയ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം. തലശ്ശേരില്‍ ജസ്റ്റിസ് ബസന്ത് പങ്കെടുക്കേണ്ട പൊതുപരിപാടിയിലേക്ക് ഡിവൈഎഫ്‌ഐ, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ബസന്തിനെതിരെ അഭിഭാഷകരും പ്രതിഷേധിച്ചു.

തലശേരി ബാര്‍ അസോസിയേഷന്‍ ഹാളില്‍ ഡല്‍ഹി മാനഭംഗത്തിന്റെ പശ്ചാത്തലത്തില്‍ സംഘടിപ്പിക്കപ്പെട്ട സെമിനാറില്‍ പങ്കെടുക്കാനാണ് ബസന്ത് എത്തിയത്. സൂര്യനെല്ലി പെണ്‍കുട്ടിയെ അപമാനിച്ച ബസന്തിന് സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ അവകാശമില്ലെന്നായിരുന്നു അഭിഭാഷകരുടെ പ്രതികരണം. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.

തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് പ്രകടനമായെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തര്‍ ജസ്റ്റീസ് ബസന്തിന്റെ കോലം കത്തിച്ചു. തൃശൂരില്‍ എഐവൈഫിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനവും കോലം കത്തിക്കലും. കൊച്ചിയില്‍ ബിജെപിയും മഹിളാമോര്‍ച്ചയും ഹൈക്കോടതി ജംഗ്ഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. സൂര്യനെല്ലി കേസ് അട്ടിമറിച്ചതില്‍ ജസ്റ്റിസ് ബസന്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

ബസന്തിനെതിരായി കേസെടുക്കുന്നത് നിയമോപദേശം ലഭിച്ചതിനു ശേഷം പരിഗണിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടി പറഞ്ഞു. ബസന്തിന്റെ പ്രസ്താവന മനുഷ്യത്വരഹിതമാണെന്ന് കവയിത്രി സുഗതകുമാരി പ്രതികരിച്ചു.