കേന്ദ്രഗ്രാമവികസനമന്ത്രി ജയറാം രമേശിനെതിരെ മന്ത്രി കെ സി ജോസഫ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് പരാതി നല്കി. കുടുംബശ്രീയുമായി ബന്ധപ്പെട്ടാണ് പരാതി. കുടുംബശ്രീയെ മാര്ക്സിസ്റ്റുവത്കരിക്കാന് ശ്രമിച്ചവരെ പിന്തുണയ്ക്കുകയാണ് ജയറാം രമേശ്, അദ്ദേഹത്തിന്റേത് സിപിഎം നയമാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസ് എം പിമാരും പരാതിയെ പിന്തുണയ്ക്കുന്നുണ്ട്.
കുടുംബശ്രീയെ മാര്ക്സിസ്റ്റുവല്കരിക്കാന് ശ്രമിച്ചവരെ ഉപയോഗിച്ച് അത് രാജ്യവ്യാപകമാക്കാന്‍ ജയറാം രമേശ് തുനിയുകയാണെന്ന് കെ സി ജോസഫ് കത്തില്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ജയറാം രമേശിനെതിരെ പരാതി നല്‍കിയിട്ടില്ലെന്നും കുടുംബശ്രീ രാജ്യത്താകമാനം വ്യാപിപ്പിക്കുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മാത്രമാണ് കത്തില്‍ പറഞ്ഞതെന്നും കെ സി ജോസഫ് പ്രതികരിച്ചു.
അതേസമയം പരാതിയുമായി ബന്ധപ്പെട്ട് ജയറാം രമേശും പി ടി തോമസ് എംപിയും തമ്മില്‍ പാര്‍ലമെന്റില്‍ വാക്കുപോരിലേര്പ്പെടുകയും ചെയ്തു. തന്നെ ഇടതുപക്ഷക്കാരനായി ചിത്രീകരിക്കുകയാണെന്ന് ജയറാം രമേശ് ആരോപിച്ചു.