ജനങ്ങള്‍ക്ക് ഇരുട്ടടിയായി വൈദ്യുതി നിരക്ക് വര്‍ധന വരുന്നു. സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുത്താനുള്ള പ്രാരംഭ നടപടികള്‍ക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തുടക്കമിട്ടു. നിരക്ക് വര്‍ധന സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം അറിയുന്നതിനുള്ള തെളിവെടുപ്പിനുള്ള തീയതികള്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു.
ഏപ്രില്‍ ഒന്നു മുതല്‍ വൈദ്യുതി നിരക്ക് പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് ഇപ്പോള്‍ നടപടി പുരോഗമിക്കുന്നത്. മാര്‍ച്ച് നാലിന് എറണാകുളം പാലാരിവട്ടത് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം റോഡിലുള്ള ഐഎംഎ ഹൗസ്, മാര്‍ച്ച് ആറിന് കോഴിക്കോട് ടൗണ്‍ ഹാള്‍, മാര്‍ച്ച് പന്ത്രണ്ടിന് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനിയേഴ്‌സ് ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10.30ന് തെളിവെടുപ്പ് നടത്താനാണ് തീരുമാനം.
പൊതു ജനങ്ങളില്‍നിന്ന് തെളിവെടുപ്പ് നടത്തിയ ശേഷം ബോര്‍ഡിന്റെ ആവശ്യങ്ങളില്‍ നേരിയ മാറ്റങ്ങള്‍ വരുത്തി നിരക്ക് വര്‍ധന പ്രഖ്യാപിക്കും. പുതിയ നിരക്ക് ഏര്‍പ്പെടുത്തുമ്പോള്‍ സ്ലാബ് സബ്രദായം ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കനത്ത ഭാരമാകും. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 60 രൂപയായിരുന്നത് 66 രൂപയായി വര്‍ധിക്കും. 80 യൂണിറ്റ് വരെയുള്ളവര്‍ക്ക് 156 രൂപയില്‍നിന്ന് 184 രൂപയായും 120 യൂണിറ്റ് വരെയുള്ളവര്‍ക്ക് 272 രൂപ എന്നത് 324 രൂപയായും വര്‍ധിക്കും. 150 യൂണിറ്റ് വരെയുള്ളവരുടെ 380 രൂപ 510 രൂപയായും 200 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ നല്‍കുന്ന 620 രൂപ 800 രൂപയായും 300 യൂണിറ്റ് വരെയുള്ളവര്‍ നല്‍കുന്ന 1220 രൂപ 1500 രൂപയായും വര്‍ധിക്കും. ഇതിന് പുറമെ ഫിക്‌സ്ഡ് നിരക്കിലുള്ള വര്‍ധനവും മീറ്റര്‍ വാടകയും വേറെ വരും.