ചെന്നിത്തലയുടെ പരാമര്‍ശം: യു ഡി എഫ് ഉഭയകക്ഷി ചര്‍ച്ചയില്‍നിന്ന് മുസ്ലിം ലീഗ് പിന്മാറി

Webdunia
തിങ്കള്‍, 1 ജൂലൈ 2013 (18:12 IST)
PRO
PRO
കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് യു ഡി എഫ് ഉഭയകക്ഷി ചര്‍ച്ചയില്‍നിന്ന് മുസ്ലിം ലീഗ് പിന്മാറി. ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച നടത്താനിരുന്ന യു ഡി എഫ് ഉഭയകക്ഷി ചര്‍ച്ച മാറ്റിവച്ചു. ചര്‍ച്ചയില്‍നിന്ന് മുസ്‌ലിം ലീഗ് പിന്മാറിയതിനെ തുടര്‍ന്നാണിത്.

ചര്‍ച്ചയ്ക്കുള്ള സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്ന് ലീഗ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. ഭരണ സംബന്ധമായ വിഷയങ്ങളില്‍ ചൊവ്വാഴ്ച ലീഗുമായും കേരള കോണ്‍ഗ്രസുമായും പ്രത്യേകം ചര്‍ച്ച നടത്താനാണ് യു ഡി എഫ് നിശ്ചയിച്ചിരുന്നത്.

എന്നാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌പോരില്‍ ഇടപെടാനില്ലെന്നും മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കുന്ന നിലപാട് മുസ്‌ലിം ലീഗ് സ്വീകരിക്കില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് ഗ്രൂപ്പ്‌പോരിന്റെ ഭാഗമായി ലീഗിനെ കരിവാരിപ്പൂശുന്ന സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ലീഗിനെതിരെ നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്ന് പാര്‍ട്ടിയുടെ അടിയന്തര നേതൃയോഗം ഞായറാഴ്ച ചേര്‍ന്നിരുന്നു. ജൂലായ് നാലിന് ചേരുന്ന നേതൃയോഗശേഷം ഈ വിഷയത്തില്‍ പ്രതികരിച്ചാല്‍ മതിയെന്നാണ് ലീഗ് തീരുമാനം. ചെന്നിത്തല നടത്തിയ പരാമര്‍ശങ്ങളിലുള്ള പ്രതിഷേധം ലീഗ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.