ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനം: എളമരം കരീമിന് അഞ്ചു കോടി കോഴ നല്‍കിയെന്ന് വെളിപ്പെടുത്തല്‍
ചൊവ്വ, 26 നവംബര്‍ 2013 (15:13 IST)
PRO
PRO
ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് കര്‍ണാടകയിലെ മൈനിംഗ് കമ്പനിക്ക് അനുമതി നല്‍കിയത് എളമരം കരീമിന് അഞ്ചു കോടി കോഴ നല്‍കിയെന്ന് വെളിപ്പെടുത്തല്‍ . മുന്‍ വ്യവസായമന്ത്രി എളമരം കരീമിന്റെ ബന്ധുവിനും വിശ്വസ്തനുമായ പി പി നൗഷാദ് ആണ് പണം കൈപ്പറ്റിയതെന്ന് മുന്‍ ഡ്രൈവര്‍ സുബൈര്‍ വെളിപ്പെടുത്തി. മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ചാണ് കര്‍ണാടക കമ്പനി അഞ്ചു കോടി രൂപ എളമരം കരീമിന് കോഴയായി നല്‍കിയത്.
നൗഷാദിനൊപ്പം ഇന്നോവ കാറില്‍ പണം കോഴിക്കോട് എത്തിച്ചത് താനാണെന്നും സുബൈര്‍ പറഞ്ഞു. ഏഴു വര്‍ഷത്തോളം നൗഷാദിന്റെ ഡ്രൈവര്‍ ആയിരുന്ന സുബൈര്‍ സാമ്പത്തിക ഇടപാടുകളെ ചൊല്ലി നൗഷാദുമായി തെറ്റിപ്പിരിയുകയായിരുന്നു. കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് പ്രലോഭിപ്പിച്ച് നൗഷാദ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് സുബൈര്‍ വ്യക്തമാക്കി. നൗഷാദിന്റെ ഇടപാടുകളെ കുറിച്ച് ആറു മാസം മുന്‍പും ഇയാള്‍ തെളിവുകള്‍ പുറത്തുവിട്ടിരുന്നു.
എളമരം കരീമിന്റെ അടുത്ത ബന്ധുവായ നൗഷാദാണ് കരീമിന് വേണ്ടി എല്ലാ ഇടപാടുകളും നടത്തിയിരുന്നത്. കരീമിന്റെ വീട്ടിലെ കാര്യങ്ങള്‍ വരെ തീരുമാനിച്ചിരുന്നത് നൗഷാദാണ്. ക്വാറി കമ്പനി രൂപീകരിച്ച് ഓഹരി നല്‍കാമെന്ന് പറഞ്ഞ് നൗഷാദ് തന്നെ വഞ്ചിച്ചു. പിന്നീടാണ് അറിഞ്ഞത് കമ്പനിയിലെ ഓഹരി നൗഷാദിനും ഭാര്യയ്ക്കും മാത്രമാണെന്ന്. ഇക്കാര്യം പുറത്തുപറഞ്ഞ തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. എളമരം കരീം അടുത്ത ആഭ്യന്തരമന്ത്രിയാകുമെന്നും തന്നെ വധിക്കുമെന്നുമായിരുന്നു ഭീഷണിയെന്നും സുബൈര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
അതേ സമയം ചക്കിട്ടപ്പാറ ഇരമ്പയിര് ഖനനത്തിന് എംഎസ്പിഎല്‍ കമ്പനിക്ക് ലൈസന്‍സ് നല്കുന്നതുമായി ബന്ധപ്പെട്ട് 2007ല്‍ തിരുവനന്തപുരത്ത് ഒരു ഹോട്ടലില്‍ വെച്ച് എളമരം കരീമിനെ കണ്ടതായി കമ്പനി ഉപദേഷ്ടാവ് മോഹനവര്‍മ്മ വെളിപ്പെടുത്തി. കമ്പനി എംഡിയും ജോയിന്റ് എംഡിയുമാണ് എളമരവുമായി കൂടിക്കാഴ്ച നടത്തിയത്. പിന്നീട് പലതവണ താന്‍ തന്നെ എളമരത്തെ കണ്ടിരുന്നു. എന്നാല്‍ എളമരം പണം വാങ്ങിയായി ഇയാള്‍ വെളിപ്പെടുത്തിയില്ല. ഇത്തരം ഇടപാടുകളില്‍ ഇടയ്ക്കു നിന്ന് സാമ്പത്തിക നേട്ടത്തിന് ചിലര്‍ ശ്രമിക്കാറുണ്ടെന്നായിരുന്നു നൗഷാദിന്റെ ഇടപെടലുകളെ കുറിച്ച് മോഹന വര്‍മ്മയുടെ പ്രതികരണം.