ഗണേഷ് കുമാറിന് മര്‍ദ്ദനമേറ്റതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Webdunia
തിങ്കള്‍, 1 ഏപ്രില്‍ 2013 (13:41 IST)
PRO
PRO
മന്ത്രി കെബി ഗണേഷ്‌കുമാറിന് മര്‍ദ്ദനമേറ്റതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഭാര്യ യാമിനി തങ്കച്ചിയില്‍ നിന്ന് വിവാഹമോചനം തേടിക്കൊണ്ട് നല്‍കിയ ഹര്‍ജിയ്ക്കൊപ്പം മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങള്‍ ഗണേശ് കുമാര്‍ സമര്‍പ്പിച്ചിരുന്നു. ഇതു പിന്നീട് മാധ്യമങ്ങള്‍ പുറത്തുവിടുകയായിരുന്നു. ഭാര്യ തന്നെ ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്നും ജോലിക്കാര്‍ ഇതിനു സാക്ഷികളാണെന്നും ഹര്‍ജിയില്‍ പറയുന്നു. മൂക്കിലും കവിളത്തും കണ്ണിന്റെ വശങ്ങളിലും അടി കൊണ്ടതിന്റെ പാടുകള്‍ ചിത്രത്തില്‍ വ്യക്തമാണ്. കൂടാതെ മുഖത്തെ മുറിവുകളില്‍നിന്ന് രക്തം പൊടിഞ്ഞിരിക്കുന്നതും കാണാം.

എന്നാല്‍ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. കാരണം മുന്‍പ് ഗണേഷ് കുമാറിന് അവിഹിതബന്ധമുണ്ടെന്നും കാമുകിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഗണേഷ് കുമാര്‍ ഇതു നിഷേധിക്കുകയും ചെയ്തു. അന്ന് മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങളാണ് പുറത്തു വിട്ടിരിക്കുന്നതെന്നുള്ള രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

തിരുവനന്തപുരം കുടുംബകോടതിയില്‍ അഭിഭാഷകരായ കെ.രാംകുമാര്‍ , അബ്ദുള്‍കരീം എന്നിവര്‍ മുഖേനയാണ് ഗണേഷ് ഹര്‍ജി നല്‍കിയത്. ഗണേഷിന്റെ ഹര്‍ജി ഈ മാസം 30ന് കോടതി പരിഗണിക്കും. ഗണേഷിന്റെ വാദം കേട്ടശേഷം മാത്രമേ ഭാര്യ യാമിനി തങ്കച്ചിക്ക് ഹര്‍ജിയില്‍ നോട്ടീസ് അയക്കുകയുള്ളൂ.

ജീവിതത്തില്‍ താന്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിട്ടപ്പോള്‍ ഭാര്യയായ യാമിനി ഒപ്പം നിന്നില്ലെന്നും ശാരീരികമായി പോലും തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നു വെന്നും രാഷ്ട്രീയ എതിരാളികള്‍ക്കൊപ്പം ചേര്‍ന്ന് തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്നും കാണിച്ചാണ് ഗണേഷ് വിവാഹമോചനം തേടിയത്. യാമിനിയുമായി യാതൊരുവിധത്തിലും ഒത്തുപോകാനാവില്ലെന്നും ഗണേഷ് ഹര്‍ജിയില്‍ പറഞ്ഞു. .

നേരത്തെ ഏറെക്കാലം പിരിഞ്ഞു കഴിഞ്ഞ ഗണേഷും യാമിനിയും അഞ്ചു വര്‍ഷം മുന്‍പാണ് വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത്. വീണ്ടും താളപ്പിഴകള്‍ തുടങ്ങിയതോടെ ഇരുവരും പിരിയാന്‍ തയാറാവുകയായിരുന്നു. ഇപ്പോള്‍ വിവാഹമോചനത്തിന് തടസമായി നില്‍ക്കുന്നത് മക്കള്‍ക്ക് സ്വത്ത് നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമാണ്. മക്കള്‍ക്ക് നല്‍കാനുള്ള ഇരുപത്തിയഞ്ച് ലക്ഷം രൂപ തന്റെ പേരില്‍ നിക്ഷേപിക്കണമെന്ന യാമിനി തങ്കച്ചിയുടെ ആവശ്യമാണ് കോടതിക്ക് പുറത്ത് പ്രശ്‌നം തീര്‍ക്കുന്നതിന് തടസ്സമായത്.