ആലുവ ജനസേവ ശിശുഭവന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗണേഷ് കുമാറിനൊപ്പം സരിത നായര്‍ എത്തിയിരുന്നതായി ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി. സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഉദ്ഘാടനത്തിനാണ് സരിത എത്തിയത്. ജനസേവയെ സഹായിക്കാമെന്ന് സരിത വാഗ്ദാനം ചെയ്തിരുന്നുവെന്നും ജോസ് മാവേലി വെളിപ്പെടുത്തി. ഗണേഷ് കുമാര്‍ പങ്കെടുത്ത പല വേദികളിലും സരിത എസ് നായര്‍ എത്തിയിരുന്നു. തൃശ്ശൂര്‍ മൃഗശാലയുടെ ഉദ്ഘാടന വേദിയില്‍ മന്ത്രിമാര്‍ക്കൊപ്പം സരിത എത്തിയ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ നേരത്തെ പുറത്ത് വിട്ടിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 18 ന് ജനസേവയില്‍ നടന്ന ജനസേവാ സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഉദാഘാടന ചടങ്ങിലായിരുന്നു മുന്‍ മന്ത്രി കെബി ഗണേഷ് കുമാറും സരിതയും എത്തിയത്. ഗണേഷ് കുമാറായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകന്‍.
പരിപാടിയ്ക്ക് ശേഷം ഗണേഷിനൊപ്പം സരിതയും വേദിയില്‍ ഇരുന്നു. ഇരുവരും ഒന്നിച്ചാണ് വന്നതെന്നും ജോസ് മാവേലി വ്യക്തമാക്കി. സോളാര്‍ കേസില്‍ അറസ്റ്റ് നടന്നപ്പോഴാണ് അന്ന് പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നത് സരിതയാണെന്ന് മനസിലായത്. സോളാര്‍ കമ്പനിയുമായി ബന്ധപ്പെട്ട ലക്ഷ്മി നായര്‍ എന്നാണ് പരിചയപ്പെടുത്തിയിരുന്നതെന്നും ജോസ് മാവേലി വ്യക്തമാക്കി.
പരിപാടിയ്ക്ക് ശേഷം ആലുവ ജനസേവ ശിശുഭവനില്‍ സഹായം നല്‍കാമെന്ന് സരിത വാഗ്ദാനം നല്‍കി.അഞ്ച് ലക്ഷം രൂപയാണ് സരിത ജനസേവാ ശിശുഭവന് സരിത വാഗ്ദാനം നല്‍കിയത്. എന്നാല്‍ തുക ലഭിച്ചില്ലെന്നും ജോസ് മാവേലി വ്യക്തമാക്കി.