ഗണേശിന്റെ പരാമര്‍ശം വേദനിപ്പിച്ചു: സുഗതകുമാരി

Webdunia
ചൊവ്വ, 5 ജൂണ്‍ 2012 (16:34 IST)
PRO
PRO
പരിസ്ഥിതി ദിനാചരണത്തില്‍ മന്ത്രി കെ ബി ഗണേശ്കുമാറിന്റെ പരാമര്‍ശം തന്നെ വേദനിപ്പിച്ചെന്ന് സുഗതകുമാരി. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ചല്ല താന്‍ വേദി വിട്ടതെന്നും അവര്‍ വ്യക്തമാക്കി. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നതിനാലാണ്‌ ചടങ്ങില്‍ നിന്ന്‌ നേരത്തെ ഇറങ്ങിപ്പോയതെന്ന് സുഗതകുമാരി വിശദീകരിച്ചു.

മന്ത്രിയുടെ പ്രസ്താവനയ്ക്ക്‌ മറുപടി പറയണമെന്നുണ്ടായിരുന്നു. എന്നാല്‍ മറുപടി പറയാനായില്ല. മന്ത്രി അങ്ങനെ പറയരുതായിരുന്നു. മന്ത്രി പരിസ്ഥിതി പ്രവര്‍ത്തകരെ അടച്ചാക്ഷേപിച്ചിട്ടില്ല. മന്ത്രി പറഞ്ഞതുപോലെ തന്നെ മുന്‍ നിര്‍ത്തി കപട പരിസ്ഥിതിവാദികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന്‌ അറിയില്ലെന്നും സുഗതകുമാരി പറഞ്ഞു.

അതേസമയം, തന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച്‌ സുഗതകുമാരി വേദി വിട്ടുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന്‌ ഗണേശ്കുമാര്‍ പറഞ്ഞു. ഇതു സംബന്ധിച്ച്‌ തെറ്റായ വാര്‍ത്തകളാണ്‌ പ്രചരിക്കുന്നത്‌. മറ്റൊരു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാലാണ്‌ സുഗതകുമാരി വേദിയില്‍ നിന്ന്‌ നേരത്തെ പോയത്‌. അവര്‍ ഇക്കാര്യം നേരത്തേ അറിയിച്ചിരുന്നുവെന്നും ഗണേശ്കുമാര്‍ പറഞ്ഞു.