കോഴിക്കോട്ട് ടിപി വധവും വികസന പിന്നാക്കാവസ്ഥയും വിഷയമാകും
വ്യാഴം, 13 മാര്‍ച്ച് 2014 (15:30 IST)
PRO
PRO
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ രണ്ടു മണ്ഡലങ്ങളിലും ടി പി ചന്ദ്രശേഖരന്‍ വധവും വികസന പിന്നാക്കാവസ്ഥയും പ്രധാന ചര്‍ച്ചാ വിഷയമാകും. കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെച്ചൊല്ലിയുള്ള സമരം കോഴിക്കോട് കലക്ടറേറ്റ്, താമരശ്ശേരി എന്നിവിടങ്ങളിലാണ് അരങ്ങേറിയതെങ്കിലും ജില്ലയിലെ 9 വില്ലേജുകളെ മാത്രം ബാധിക്കുന്ന പ്രശ്നമായതിനാല്‍ അത് പ്രധാന തെരഞ്ഞെടുപ്പ് വിഷയമാകില്ല. എന്നാല്‍ പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടുകള്‍ക്കെതിരെ നിലപാടെടുത്ത സിപിഎം, കോണ്‍ഗ്രസ് നയങ്ങള്‍ പൊതുവേ വിമര്‍ശനവിധേയമായിരിക്കുകയാണ്.
അതേ സമയം രണ്ട് വര്‍ഷം മുമ്പാണ് ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതെങ്കിലും ടി പി വധം രണ്ടു മുന്നണികളെയും വേട്ടയാടും. ചന്ദ്രശേഖരന്‍ വധം പ്രധാന ചര്‍ച്ചയാകുന്നതോടെ ഇരു മുന്നണികളിലും അത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. കോണ്‍ഗ്രസ്-സിപിഎം ധാരണയനുസരിച്ച് ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന വസ്തുത കൂടുതല്‍ തെളിവുകളുമായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുന്നതോടെ അദ്ദേഹത്തിന്റെ "വമ്പന്‍ സ്രാവുകള്‍" പിടിക്കപ്പെടാനുണ്ടെന്ന പ്രസ്താവന യുഡിഎഫിന് തലവേദനയായി മാറും. ജില്ലയിലെ ഒമ്പതോളം ഡിസിസി നേതാക്കള്‍ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ പരസ്യമായി രംഗത്തുവന്നതും തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പ്രതിസന്ധിയാകും.
അതേസമയം കെ.സി. രാമചന്ദ്രനെ ബലികൊടുത്ത് ടിപി വധത്തിന്റെ കളങ്കം മായ്ച്ച് കളയാമെന്ന സിപിഎം പ്രതീക്ഷയും തകര്‍ന്നിരിക്കുകയാണ്. പാര്‍ട്ടിതല അന്വേഷണം പ്രഹസനമായിരുന്നുവെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഉയര്‍ന്നു കഴിഞ്ഞു. വിഎസ്. അച്യുതാനന്ദനെ മയപ്പെടുത്തി കോഴിക്കോട് പ്രചരണത്തിനിറക്കാമെന്ന രാഷ്ട്രീയ ലക്ഷ്യവും പാളി. പാര്‍ട്ടി അന്വേഷണത്തിലെ കണ്ടെത്തലുകളെത്തന്നെ വിഎസ്. ചോദ്യം ചെയ്തിരിക്കുകയാണ്. കൊലപാതക രാഷ്ട്രീയത്തിനെതിരെ ഉയര്‍ന്നുവന്ന ജനവികാരം ഇരു മുന്നണികളെയും വേട്ടയാടുന്നത് ഈ സാഹചര്യത്തിലാണ്.
ബിഎംഎസ് നേതാവായിരുന്ന പയ്യോളി മനോജിന്റെ കൊലപാതകം, പശ്ചിമഘട്ട സംരക്ഷണ ധര്‍ണ്ണക്കിടയിലെ അനൂപ് വധം എന്നിവയില്‍ സിപിഎം കൊലയാളിസംഘത്തെ സംരക്ഷിച്ച യുഡിഎഫ് നിലപാടും തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചാ വിഷയമാകും. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ജില്ലയിലെ കേന്ദ്രാവിഷ്കൃത പദ്ധതി നപ്പാക്കുന്നതിലുണ്ടായ വീഴ്ചകളും വികസന പിന്നാക്കാവസ്ഥയും തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്ക് ചൂടേറ്റും. ഒന്നാം യുപിഎ മന്ത്രിസഭക്ക് പിന്തുണ കൊടുത്ത അന്നത്തെ ഇടതുപക്ഷ അംഗങ്ങളായ പി സതീദേവിയും എം പി വീരേന്ദ്രകുമാറും നിലവിലുള്ള എംകെ രാഘവന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമാണ് ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാവുക.