കോടികളുടെ ചന്ദനം കടത്ത് : രണ്ട് പേര്‍ പിടിയില്‍

Webdunia
വെള്ളി, 20 സെപ്‌റ്റംബര്‍ 2013 (14:54 IST)
PRO
PRO
ആന്ധ്രയിലേക്ക് കടത്താനായി ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന ഒരു കോടി എട്ടു ലക്ഷം രൂപയുടെ ചന്ദന തടികളും ചീളുകളും പൊലീസ് പിടിച്ചെടുത്തു. ഇതോടനുബന്ധിച്ച് രണ്ട് പേര്‍ അറസ്റ്റിലായി.

മലപ്പുറം മഞ്ചേരി മംഗലശ്ശേരി വിളക്കും മഠത്തില്‍ ഹാരിസ് (26), മഞ്ചേരി ഷാപ്പിന്‍ കുന്ന് കുരിക്കള്‍ മുഹമ്മദ് (35) എന്നിവരാണു വഴിക്കടവ് പൊലീസിന്റെ പിടിയിലായത്.

വ്യാഴാഴ്ച പുലര്‍ച്ചെ വഴിക്കടവ് പൊലീസിനു ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു സിഎന്‍ജി റോഡില്‍ മണിമൂളി നെല്ലികുത്ത് വച്ച് ലോറി കസ്റ്റഡിയിലെടുത്തത്. 125 ചെറിയ പ്ലാസ്റ്റിക് ബാഗുകളിലായാണു ചന്ദനം ഒളിപ്പിച്ചു കടത്തിയത്.

ആകെ 2.75 ടണ്‍ ചന്ദനത്തടികളാണു ലോറിയില്‍ നിന്ന് പിടിച്ചെടുത്തത്. ആന്ധ്രാപ്രദേശില്‍ എത്തിക്കാനാണു തങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതെന്ന് ലോറിയില്‍ ഉണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.