കേരളപ്പിറവി ദിനം ശ്രേഷ്ഠഭാഷാദിനമായും ആചരിക്കും

Webdunia
ശനി, 12 ഒക്‌ടോബര്‍ 2013 (08:32 IST)
PRO
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന്‌ ശ്രേഷ്ഠഭാഷാദിനമായി ആചരിക്കുമെന്നു സാംസ്കാരിക മന്ത്രി കെ സി ജോസഫ്‌. സാംസ്കാരിക വകുപ്പിന്റെകീഴിലുള്ള അക്കാദമികള്‍ മുന്നില്‍നിന്ന് 14 ജില്ലകളിലും മലയാള ഭാഷയുടെ വികാസപരിണാമങ്ങളെക്കുറിച്ചു ചര്‍ച്ചകളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും.

സ്കൂളുകള്‍ അന്നു പ്രത്യേകം അംസബ്ലി ചേര്‍ന്നു ഭാഷാപ്രതിജ്ഞയെടുക്കണമെന്നു നിര്‍ദേശിക്കും. ശ്രേഷ്ഠഭാഷാ പദവി നല്‍കിയപ്പോള്‍ തമിഴ്‌നാടിന്‌ അനുവദിച്ചതുപോലെ കേരളത്തിനും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് ക്ലാസിക്കല്‍ മലയാളം എന്ന സ്ഥാപനം അനുവദിക്കണമെന്നു കേന്ദ്രത്തോട്‌ ആവശ്യപ്പെടുമെന്നും ജോസഫ്‌ പറഞ്ഞു.

വിദേശ മലയാളികളുടെ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിനു സൗകര്യം ചെയ്‌തുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു.മലയാളം കവിതകള്‍ അന്യഭാഷകളിലേക്കു പരിഭാഷപ്പെടുത്താന്‍ മലയാളം ട്രാന്‍സ്‌ലേഷന്‍ മിഷന്‍ രൂപീകരിക്കും. ഭാഷാ സമ്പത്തു വര്‍ധിപ്പിക്കുന്ന ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിനെ ചുമതലപ്പെടുത്തും.