കൂടെ വരാന്‍ വിസമ്മതിച്ച ഭര്‍ത്താവിനെ തട്ടിക്കൊണ്ട് പോകാന്‍ ക്വട്ടേഷന്‍

Webdunia
ശനി, 28 ജനുവരി 2012 (08:59 IST)
ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോകാന്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച ഭാര്യയും സംഘവും പൊലീസ് പിടിയില്‍. പെരുമ്പാവൂര്‍ നങ്ങേലില്‍ വീട്ടില്‍ വിജീഷിനെ(27)യാണ് ഭാര്യ ദീപ(23)യും സംഘവും തട്ടിക്കൊണ്ടുപോയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ദീപ ഉള്‍പ്പെട്ട സംഘം വിജീഷിനെ സ്‌കോര്‍പിയോയില്‍ തട്ടിക്കൊണ്ടു പോയത്‌. പാലക്കാട്‌ എത്തിയപ്പോള്‍ മൂത്രം ഒഴിക്കാനെന്ന വ്യാജേന വിജീഷ് പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് വിജീഷ് ഒച്ച വച്ച് ആളെക്കൂട്ടി. ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ പിടികൂടി കസബ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് കസബ പൊലീസ് ഇവരെ പെരുമ്പാവൂര്‍ പൊലീസിന് കൈമാറി. ഭര്‍ത്താവിനെ പെരുമ്പാവൂരില്‍ നിന്ന് കോയമ്പത്തൂരില്‍ എത്തിക്കാന്‍ നല്ല തുക ക്വട്ടേഷന്‍ സംഘത്തിന് ദീപ വാഗ്ദാനം ചെയ്തിരുന്നു.

സിംഗപ്പൂരില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഗ്രൗണ്ട്‌ സപ്പോര്‍ട്ടിംഗ്‌ സ്‌റ്റാഫായിരുന്നു വിജീഷും ദീപയും. കഴിഞ്ഞ സെപ്‌റ്റംബറില്‍ വിസാ കാലാവധി തീര്‍ന്നപ്പോളാണ് ഇയാള്‍ നാട്ടിലേക്കു മടങ്ങിയത്. ഇതിനിടെ ഇവര്‍ തമ്മില്‍ അകലുകയായിരുന്നു.

പുതിയ ഫാമിലി വിസയുമായി ദീപ ഡിസംബറില്‍ നാട്ടിലെത്തിയെങ്കിലും വിജീഷ് കൂടെപോകാന്‍ വിസമ്മതിക്കുകയായിരുന്നു. ഫാമിലി വിസയായതിനാല്‍ ദീപയ്ക്ക് ഒറ്റയ്ക്ക് വിദേശത്ത് പോകാനാവില്ല. ഈ സാഹചര്യത്തിലാണ് ദീപ ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയത്.

തിങ്കളാഴ്‌ച നടക്കുന്ന സഹോദരിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം വിജീഷുമൊന്നിച്ച്‌ സിംഗപ്പൂരിലേക്ക് പോകാനായിരുന്നു ദീപയുടെ പദ്ധതി. എന്നാല്‍ ദീപയോടൊന്നിച്ച് ജീവിക്കാന്‍ വിജീഷിന് താത്പര്യമില്ല.