'കുരയ്ക്കുന്നവര്‍ എത്ര കുരച്ചാലും ശരിയുടെ തീര്‍ഥാടകസംഘം അതിന്‍റെ ലക്ഷ്യത്തിലെത്തുകതന്നെ ചെയ്യും, ഇതിനു കാലം സാക്ഷിയാണ്'; വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് കെടി ജലീല്‍

Webdunia
ചൊവ്വ, 19 ഏപ്രില്‍ 2016 (18:29 IST)
വിഷു ദിനത്തില്‍ ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ നടത്തിയെന്ന ആരോപണം നിഷേധിച്ച് കെ ടി ജലീല്‍ എം എല്‍ എ. ശത്രുസംഹാര പൂജക്ക് ശേഷം പ്രസാദം വാങ്ങുന്നു എന്ന അടിക്കുറിപ്പോടെ തന്റെ പേരില്‍ പ്രചരിപ്പിച്ച ചിത്രത്തിന് വിശദീകരണമാണ് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. തവനൂര്‍ ക്ഷേത്രത്തില്‍ ജലീല്‍ ശത്രുസംഹാര പൂജ നടത്തിയെന്നായിരുന്നു ആരോപണം. 
 
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ക്ഷേത്ര പരിസരത്ത് വോട്ട് ചോദിക്കാനെത്തിയപ്പോള്‍ തന്റെ സുഹൃത്ത് കൂടിയായ ക്ഷേത്ര പൂജാരി സുബ്രഹ്മണ്യന്‍ നമ്പൂതിരി വിഷു കൈനീട്ടമായി മുണ്ട് നല്‍കിയതിന്റെ ചിത്രമാണ് ഫേസ്ബുക്കില്‍ തെറ്റായ അടിക്കുറിപ്പോടെ നല്‍കിയിരിക്കുന്നതെന്ന് ജലീല്‍ പറഞ്ഞു. ശത്രുസംഹാര പൂജ നടത്തിയെന്ന പേരില്‍ ചിത്രം യു ഡി എഫ് കേന്ദ്രങ്ങളും പഴയ ചില സുഹൃത്തുക്കളുമാണ് പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
 
ഇസ്ലാമിനെ കുറിച്ചും മുസ്ലിം സമുദായത്തെക്കുറിച്ചും മനസിലാക്കത്തവരാണ് ഇത്തരത്തില്‍ പ്രചരണം നടത്തുന്നത്. ഇവരെപോലുള്ളവരാണ് ലോകത്തിന്റെ പലദിക്കിലും ഇസ്ലാമിന്റെ മാനവിക മുഖം വികൃതമാക്കി അതിനെ ഭീകരതയുടെ മതമാക്കി അവതരിപ്പിക്കുന്നത്. അക്ഷരങ്ങളെ സ്‌നേഹിച്ച മലാല യൂസഫ് എന്ന പെണ്‍കുട്ടിയുടെ നേര്‍ക്ക് വെടിയുതിര്‍ത്തവരുടെ ഇന്ത്യന്‍ പതിപ്പുകളായേ ഇത്തരം കള്ളപ്രചാരണം നടത്തുന്നവരെ കാണാന്‍ കഴിയൂവെന്നും ജലീല്‍ പറഞ്ഞു.