കുടുംബപ്രശ്നം പരിഹരിക്കാന്‍ ചര്‍ച്ച: സിഐയുടെ മുന്നില്‍ വച്ച് യുവതി ഭര്‍ത്താവിന്റെ അടിവയറില്‍ തൊഴിച്ചു

Webdunia
വ്യാഴം, 29 ഓഗസ്റ്റ് 2013 (10:36 IST)
PRO
കുടുംബത്തിലെ തര്‍ക്കം പരിഹരിക്കാന്‍ സിഐ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ യുവാവിനു ഭാര്യയുടെ മര്‍ദനം. ബുധനാഴ്ച ഉച്ചക്ക്‌ ഒന്നിന്‌ തിരൂരങ്ങാടി സിഐ ഓഫീസിലാണ് സംഭവം നടന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ- ചെറുമുക്ക്‌ സ്വദേശിയായ യുവാവും ഭാര്യയും തമ്മിലുള്ള പ്രശ്നം തീര്‍ക്കാന്‍ യുവതിയുടെ പരാതി പ്രകാരം ഇരു കൂട്ടരെയും വിളിച്ചു ചേര്‍ത്തതായിരുന്നു. ഇരുവരും രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം എത്തിയിരുന്നു.

ചര്‍ച്ചക്കിടെ പ്രകോപിതയായ യുവതി ഭര്‍ത്താവിന്റെ ദേഹത്തു പിടിച്ച്‌ മുട്ടുകാല്‍ കൊണ്ട്‌ അടിവയറിന്‌ തൊഴിക്കുകയായിരുന്നുവത്രെ. ഇതോടെ സിഐയും രക്ഷിതാക്കളും ചേര്‍ന്ന്‌ യുവതിയെ പിടിച്ചുമാറ്റി.

മര്‍ദനമേറ്റു അവശനിലയിലായ യുവാവിനെ ഉടനെ പൊലീസുകാര്‍ തിരൂരങ്ങാടി താലൂക്കാശുപത്രിയിലെത്തിച്ചു. യുവാവിന്‌ സ്കാനിംഗിന്‌ വിധേയമാക്കി‌.
ഇരു കൂട്ടരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നിട്ടും പരിഹാരമാകാത്തതിനെ തുടര്‍ന്നാണ്‌ തിരൂരങ്ങാടി സിഐക്ക്‌ മുമ്പിലെത്തിയത്‌.