കുഞ്ഞാലിക്കുട്ടി മത്സരിക്കരുത്: കത്തോലിക്ക സഭ

Webdunia
ഞായര്‍, 13 മാര്‍ച്ച് 2011 (10:06 IST)
PRO
PRO
പീഢനം തൊട്ട് അഴിമതി വരെയുള്ള ആരോപണങ്ങളില്‍ മുങ്ങിനില്‍‌ക്കുന്ന നേതാക്കള്‍ ഇത്തവണ തെരഞ്ഞെടുപ്പിന് മത്സരിക്കരുത് എന്ന് തൃശൂര്‍ രൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭ (catholicasabha.org). പികെ കുഞ്ഞാലിക്കുട്ടിയെയും ആര്‍ ബാലകൃഷ്ണപിള്ളയെയും പേരെടുത്ത് പറഞ്ഞാണ് പത്രം ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇവരോ ഇവരെ പ്രതിനിധീകരിക്കുന്നവരോ മത്സരിച്ചാല്‍ എന്താണ് ചെയ്യേണ്ടതെന്ന് പരോക്ഷമായി പത്രം സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്.

“ആദ്യത്തേതില്‍ വിവാദ പുരുഷന്‍ കേരളത്തിലെ യുഡിഎഫ്‌ സംവിധാനത്തില്‍പ്പെട്ട രാഷ്‌ട്രീയ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ പികെ കുഞ്ഞാലിക്കുട്ടിയാണ്‌. ആര്‍ ബാലകൃഷ്ണപിളളയും യുഡിഎഫിലെ പ്രധാനപ്പെട്ട നേതാവാണ്‌. ഇതിനകം വിവാദവും മാധ്യമങ്ങള്‍ക്ക്‌ ആഘോഷവുമായി മാറിക്കഴിഞ്ഞിട്ടുണ്ട് ഐസ്ക്രീം പാര്‍ലര്‍ ലൈംഗികാപവാദക്കേസ്. ബാലകൃഷ്ണപിള്ളയെ അഴിമതിക്കേസില്‍ സുപ്രീംകോടതി ഒരു വര്‍ഷം കഠിനതടവിനു ശിക്ഷിക്കുകയും ചെയ്തു.”

“ഈ ഗണത്തില്‍പ്പെടുത്തേണ്ട മറ്റു ചില വിവാദങ്ങള്‍ കൂടിയുണ്ട്‌. സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസായി റിട്ടയര്‍ ചെയ്ത കെ.ജി. ബാലകൃഷ്ണനെപ്പറ്റിയുള്ള ആരോപണങ്ങള്‍, കോണ്‍ഗ്രസ്‌ നേതാവ്‌ കെ സുധാകരന്‍ എംപി, ജഡ്ജിമാരെപ്പറ്റി ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍, പാമോലിന്‍ കേസുമായി ബന്ധപ്പെട്ട്‌ ചില പ്രമുഖ നേതാക്കളെപ്പറ്റി ഭരണകക്ഷി നേതാക്കള്‍ ഉന്നയിച്ചി‍ട്ടുള്ള ആരോപണങ്ങള്‍ തുടങ്ങിയവ” - പത്രം പറയുന്നു.

ലൈംഗികാരോപണത്തിന്റെയും അഴിമതിയുടെയും കളങ്കമേറ്റവര്‍ ജനപ്രതിനിധികള്‍ ആകുന്നത് തടയണമെന്നാണ് പത്രത്തിന്റെ ആവശ്യം. ഉമ്മന്‍‌ചാണ്ടി (പാമോലിന്‍) അടക്കമുള്ള യു‌ഡി‌എഫ് നേതാക്കളുടെ ‘കളങ്ക’ത്തെ പറ്റി പറയുന്ന കത്തോലിക്കാ സഭ കളങ്കിതരായ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ പറ്റി ഒരക്ഷരം പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്.

കോണ്‍‌ഗ്രസിന്റെ വോട്ടുബാങ്കായി എണ്ണപ്പെടുന്ന ക്രൈസ്തവ സമൂഹത്തിന്റെ മുഖപത്രം യു‌ഡി‌എഫ് നേതാക്കളെ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത് എന്തിന്റെ മുന്നോടിയാണെന്ന് ഇതിനകം തന്നെ രാഷ്‌ട്രീയവൃത്തങ്ങളില്‍ ചൂടേറിയ ചര്‍ച്ച ആയിട്ടുണ്ട്. ‘കത്തോലിക്ക സഭ’യുടെ മുഖപ്രസംഗം അതേപടി ദേശാഭിമാനിയില്‍ പകര്‍ത്തിക്കൊണ്ടാണ് ക്രിസ്ത്യാനികളുടെ ഈ മാറ്റത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വാഗതം ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.