കരുണാകരന്‍ മുരളിയുമായി കൂടിക്കാഴ്ച നടത്തി

Webdunia
ചൊവ്വ, 15 ജൂലൈ 2008 (15:30 IST)
KBJWD
കോണ്‍ഗ്രസ്‌ നേതാവ്‌ കെ. കരുണാകരന്‍ മകനും എന്‍.സി.പി സംസ്ഥാന അധ്യക്ഷനുമായ കെ.മുരളീധരനുമായി കൂടിക്കാഴ്‌ച നടത്തി. മുരളീധരന്‍റെ ഭാര്യാ പിതാവിന്‍റെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച.

മുരളീധരന്‍റെ ഭാര്യാപിതാവിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്ക് പങ്കെടുക്കാനാണ് ഇരുവരും എത്തിയത്. മുരളിയെ കാണാന്‍ കരുണാകരന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും ആദ്യം മുരളീധരന്‍ ഒഴിഞ്ഞ് മാറുകയായിരുന്നു. പിന്നീട് ഭാര്യയുടെ അമ്മയും മകനും നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് കരുണാകരനെ കാണാന്‍ മുരളി സമ്മതിക്കുകയായിരുന്നു.

കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനോ എന്തെങ്കിലും പ്രതികരിക്കാനോ കരുണാകരനും മുരളീധരനും വിസമ്മതിച്ചു. ഏറെക്കാലത്തിന് ശേഷമാണ് കരുണാകരനും മുരളിയും തമ്മില്‍ കാണുന്നത്. കരുണാകരനോടൊപ്പം പാര്‍ട്ടി പോയ മുരളീധരന്‍ അച്ഛനുമായി ചേര്‍ന്ന് ഡി.ഐ.സി (കെ) രൂപീകരിക്കുകയും പിന്നീട് എന്‍.സി.പിയില്‍ ലയിക്കുകയുമായിരുന്നു.

പിന്നീട്ട് കരുണാകരന്‍ എന്‍.സി.പി വിട്ട് കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങുകയായിരുന്നു. ഇത് മുരളിയെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്ന് മുരളീധരന്‍ കരുണാകരനെ കാണാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.