ഒരു ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊന്നു

Webdunia
വെള്ളി, 18 ഒക്‌ടോബര്‍ 2013 (15:17 IST)
PRO
ഒരു ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെ കഴുത്തറത്തുകൊലപ്പെടുത്തി. ഇടുക്കി കോലാഹലമേട് സ്വദേശികളുടേതാണ് കുട്ടികള്‍. വീട്ടില്‍ ഒളിപ്പിച്ചിരുന്ന മൃതദേഹങ്ങള്‍ പിന്നീട് ദമ്പതികള്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അമിതമായ രക്തസ്രാവത്തെ തുടര്‍ന്നാണ് യുവതി വെള്ളിയാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിയത്. പരിശോധനയില്‍ പ്രസവം നടന്നതിന്‍റെ സൂചനകള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ദാരുണ സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്.

ഗര്‍ഭം അലസിയതിനെ തുടര്‍ന്ന് രക്തസ്രാവം നില്‍ക്കുന്നില്ലെന്ന് അറിയിച്ചാണ് കോലാഹലമേട് സ്വദേശി പ്രവീണിന്‍റെ ഭാര്യ വിജിഷ ആശുപത്രിയിലെത്തിയത്. എന്നാല്‍ പരിശോധനയില്‍ പ്രസവം നടന്നതായി ഡോക്ടര്‍മാര്‍ക്ക് ബോധ്യമായി. ഇതോടെ സത്യം തുറന്നുപറയാന്‍ ഡോക്ടര്‍മാര്‍ വിജിഷയെ നിര്‍ബന്ധിച്ചു.

അടുത്ത പേജില്‍ - ഇരട്ടക്കുട്ടികളുടെ മൃതദേഹങ്ങള്‍ കുളിമുറിയില്‍!

PRO
ഡോക്ടര്‍മാരുടെ നിര്‍ബന്ധവും പൊലീസില്‍ അറിയിക്കുമെന്ന മുന്നറിയിപ്പും വന്നതോടെയാണ് താന്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്‍‌മം നല്‍കിയെന്ന് വിജിഷ തുറന്നുപറഞ്ഞത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ബന്ധപ്രകാരം വിജിഷയും പ്രവീണും വീട്ടിലേക്ക് തിരിച്ചുപോയി. അവിടെ കുളിമുറിയില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു ഇരട്ടക്കുട്ടികളുടെ മൃതദേഹങ്ങള്‍.

കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു ജഡങ്ങള്‍. വിജിഷയും പ്രവീണും കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുമായി തിരികെ കോട്ടയം മെഡിക്കല്‍ കോളജിലെത്തി. തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജ് പൊലീസില്‍ വിവരം അറിയിച്ചത്.

കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രവീണും വിജിഷയും താമസിക്കുന്നത് പീരുമേട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ്. അതുകൊണ്ടുതന്നെ പീരുമേട് പൊലീസും കേസന്വേഷണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അടുത്തിടെ ആലപ്പുഴയില്‍ നടന്ന ഒരു സമൂഹവിവാഹച്ചടങ്ങിലാണ് പ്രവീണും വിജിഷയും വിവാഹിതരായതെന്ന് സൂചനയുണ്ട്.