ഐ.ഐ.എസ്‌.ഇ.ആര്‍ അടുത്ത വര്‍ഷം

Webdunia
വെള്ളി, 25 ജനുവരി 2008 (10:21 IST)
ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട്‌ ഓഫ്‌ സയന്‍സ്‌ എഡ്യൂക്കേഷന്‍ ആന്‍റ് റിസര്‍ച്ച്‌ തിരുവനന്തപുരത്ത്‌ അടുത്ത അധ്യയനവര്‍ഷം പ്രവര്‍ത്തനമാരംഭിക്കും.

തിരുവനന്തപുരം ഗവ. എഞ്ചിനിയറിങ്‌ കോളജിലാണ്‌ ഐ.ഐ.എസ്‌.ഇ.ആറിന്‍റെ ക്ലാസ്‌ ആരംഭിക്കുന്നത്‌. ഇത്‌ സംബന്ധിച്ച്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനുമായി ചര്‍ച്ച നടത്തിയ കേന്ദ്രമാനവ വിഭവശേഷി വികസന വകുപ്പ്‌ സ്പെഷ്യല്‍ സെക്രട്ടറി കെ.എം.ആചാരിയാണ്‌ ഇക്കാര്യം അറിയിച്ചത്‌.

ഇന്‍സ്റ്റിട്യൂട്ട്‌ സ്ഥാപിക്കുന്നതില്‍ വിതുരയിലെ സ്ഥലം പരിശോധിച്ച ശേഷമാണ്‌ ആചാരിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെയും വിദ്യാഭ്യാസമന്ത്രി എം.എ.ബേബിയെയും സന്ദര്‍ശിച്ചത്‌. കാണ്‍പൂര്‍ ഐ.ഐ.ടി ഡയറക്ടര്‍ ഡോ.സഞ്ജയ്‌ ദാന്തെ, ജബല്‍പൂര്‍ ഐ.ഐ.ഐ.ടി (ഇന്‍ഡ്യന്‍ ഇന്‍സ്റ്റിട്യൂട്ട്‌ ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) ഡയറക്ടര്‍ ഡോ.സഞ്ജീവ്‌ ഭാര്‍ഗവ എന്നിവരും ആചാരിയോടൊപ്പമുണ്ടായിരുന്നു.

വിതുരയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സ്ഥലം ഇന്‍സ്റ്റിട്യൂട്ട്‌ സ്ഥാപിക്കാന്‍ അനുയോജ്യമാണെന്ന്‌ സംഘം വിലയിരുത്തി. ഇന്‍സ്റ്റിട്യൂട്ട്‌ സ്ഥാപിക്കുന്നതിന്‌ ഗതാഗത സൗകര്യവികസനമുള്‍പ്പടെ എല്ലാ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു. 500 കോടി രൂപ മുതല്‍ മുടക്കിയാണ്‌ തിരുവനന്തപുരത്ത്‌ ഐ.ഐ.എസ്‌.ഇ.ആര്‍ സ്ഥാപിക്കുന്നത്‌.

പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ കേരളത്തില്‍ കേന്ദ്ര സര്‍വകലാശാല ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്‌. പതിനൊന്നാം പദ്ധതിക്കാലത്ത്‌ അനുവദിക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുള്ള നാല്‌ ഐ.ഐ.ടി.കളില്‍ ഒന്ന്‌ കേരളത്തില്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്ന്‌ ആവശ്യം മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

പാലക്കാട്‌ ജില്ലയില്‍ ഇതിനായി സ്ഥലം ലഭ്യമാക്കാമെന്നും മറ്റ്‌ അടിസ്ഥാന സൗകര്യങ്ങളൊരുക്കുമെന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി അര്‍ജുന്‍ സിങ്ങിനെ അറിയിച്ച കാര്യവും കേരളത്തിന്‍റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന്‌ പ്രധാനമന്ത്രി ഉള്‍പ്പെടെ സമ്മതിച്ച കാര്യവും മാനവവിഭവ ശേഷി വികസന സ്പെഷ്യല്‍ സെക്രട്ടറിയെ മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.