എസ് എഫ് ഐ അക്രമണം: പ്രതിപക്ഷം സഭ വിട്ടു

Webdunia
വ്യാഴം, 9 ജൂലൈ 2009 (10:28 IST)
അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നും നിയമസഭ വിട്ടു. പാറശാല സ്കൂളിനു നേരെ നടന്ന എസ് എഫ് ഐ ആക്രമണം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്‌പീക്കര്‍ നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ഇറങ്ങിപ്പോക്ക്.

പാറശാല സ്കൂളില്‍ ഒരു വിഭാഗം എസ് എഫ് ഐ പ്രവര്‍ത്തകര്‍ അതിക്രമം നടത്തുകയായിരുന്നു എന്നും, അധ്യാപകന് നേരെ പരാതിയില്ല എന്ന് വിദ്യാര്‍ത്ഥി പറഞ്ഞിട്ടും എസ് എഫ് ഐ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് പരാതി നല്‍കാന്‍ പ്രേരിപ്പിക്കുകയായിരുന്നു എന്നും അടിയന്തിര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് പ്രതിപക്ഷത്തുനിന്ന് എന്‍ ശക്തന്‍ എം എല്‍ എ പറഞ്ഞു.

എന്നാല്‍, അടിയന്തിരപ്രമേയ നോട്ടീസിന് മറുപടി നല്‍കിയ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ സംഭവത്തെ ന്യായീകരിച്ചു. സന്ദീപ് എന്ന വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്നായിരുന്നു പറശാല സ്കൂളില്‍ ആക്രമണം ഉണ്ടായത്. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഈ വിദ്യാര്‍ത്ഥിയ്ക്കെതിരെ മുടി വെട്ടാത്തതിന്‍റെ പേരില്‍ ഇതിനു മുമ്പും അധ്യാപകന്‍ ചൂരല്‍ പ്രയോഗം നടത്തിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

എന്നാല്‍, പുറത്തു നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ കയറി അക്രമണം നടത്തിയതിനെ സര്‍ക്കാര്‍ അനുകൂലിക്കുന്നില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ആഭ്യന്തരമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്‌പീക്കര്‍ കെ രാധാകൃഷ്‌ണന്‍ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങി പോയി. ഒരു വിഭാഗത്തിന് മാത്രം അക്രമം നടത്താനുള്ള അനുമതി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഇറങ്ങിപ്പോകുന്നതിനു മുമ്പായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു.