എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു

Webdunia
വെള്ളി, 29 ഏപ്രില്‍ 2011 (17:14 IST)
PRO
PRO
മഹാമാരി വിതച്ച എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി നിരോധിക്കുന്നതിനായുള്ള സമരപരമ്പരകള്‍ വിജയം കണ്ടു. എന്‍ഡോസള്‍ഫാന് ആഗോളവ്യാപകമായി നിരോധനം ഏര്‍പ്പെടുത്തി. ജനീവയില്‍ നടക്കുന്ന സ്റ്റോക്‍ഹോം കണ്‍‌വെന്‍ഷനില്‍ ആണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സ്റ്റോക്‍ഹോം സമ്മേളനത്തില്‍ പങ്കെടുക്കുന്ന കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെയാണ് ഇക്കാര്യം അറിയിച്ചത്.

എതിര്‍പ്പുകള്‍ ഇല്ലാതെയാണ് നിരോധനത്തിന് തീരുമാനമായത്. 23 വിളകളിലെ കീടനാശിനികളെ നിയന്ത്രിക്കാന്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാം. ഇന്ത്യ ആവശ്യപ്പെട്ട ഇളവുകള്‍ മറ്റ് രാജ്യങ്ങള്‍ക്കും അനുവദിച്ച് നല്‍കും.

കാസര്‍ഗോഡിന്റെ രണ്ടാം സ്വാതന്ത്ര്യ സമരം എന്നാണ് എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായുള്ള പോരാട്ടം വിശേഷിപ്പിക്കപ്പെട്ടത്. കക്ഷിരാഷ്ട്രീയം മറന്ന് കേരളം ഒറ്റക്കെട്ടായി നടത്തിയ പ്രതിഷേധസമരങ്ങളാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. കാസര്‍ഗോഡെ ഗ്രാമങ്ങളിലെ നിരവധി പേരെ ഈ കീടനാ‍ശിനി കവര്‍ന്നെടുത്തു, ആയിരങ്ങള്‍ നിത്യ രോഗികളായി മാറി.

ജനീവ സമ്മേളത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ നിരോധനം വേണ്ടെന്ന കടുത്ത നിലപാടിലായിരുന്നു ഇന്ത്യ. നിരോധനത്തെക്കുറിച്ച് ചിന്തിക്കുന്നത് 2013-ന് ശേഷം മാത്രം മതി എന്നായിരുന്നു ഇന്ത്യയുടെ പക്ഷം. ഈ കീടനാശിനി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നും ഇന്ത്യ വാദിച്ചു. എന്നാല്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇതിനെ എതിര്‍ത്ത് രംഗത്ത് വന്നതോടെ എന്‍ഡോസള്‍ഫാന്‍ അനുകൂലവാദത്തിന് നിലനില്‍പ്പില്ലെന്ന് ഇന്ത്യ തിരിച്ചറിയുകയായിരുന്നു. കാസര്‍ഗോഡെ ദുരിതബാധിതരുടെ ദൃശ്യങ്ങള്‍ കണ്ടശേഷമാണ് അംഗരാജ്യങ്ങള്‍ നിരോധനം സംബന്ധിച്ച തീരുമാനമെടുത്തത്.