നിയമസഭയ്ക്കു മുന്നില്‍ എഐവൈഎഫ് പ്രവര്‍ത്തകയെ വടികൊണ്ടു തല്ലിച്ചതച്ച കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പത്തു ദിവസത്തിനു ശേഷം വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മീനടം പേരൂര്‍ വീട്ടില്‍ സന്തോഷിനെ (33)യാണു പൊലീസ് അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എഐവൈഎഫ് നടത്തിയ നിയമസഭാ മാര്‍ച്ചിനിടെ എതിരെവന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടത്. മര്‍ദനത്തില്‍ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് കൃഷ്ണപ്രസാദിന്റെ തല പൊട്ടിയിരുന്നു.
സംഭവത്തിനു ശേഷം കോട്ടയത്തു നിന്നു തമിഴ്നാട് തേനിയിലേക്കു ഇയാള്‍ മുങ്ങുകയായിരുന്നു യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിയായ സന്തോഷ്. പ്രവര്‍ത്തകയെ മര്‍ദിച്ച ഇയാള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പൊലീസിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.
സ്ത്രീയെ അപമാനിക്കല്‍, വധശ്രമം, മാനഹാനിയുണ്ടാക്കാല്‍ എന്നീ കേസുകളാണ് ഇയാള്‍ക്കെതിരെ എടുത്തതെന്നു മ്യൂസിയം പൊലീസ് പറഞ്ഞു. ഈ മാസം എട്ടിനു നിയമസഭാ സമ്മേളനം നടക്കുമ്പോളായിരുന്നു എഐവൈഎഫ് പ്രവര്‍ത്തക ബിന്ദുരാജിനെ സന്തോഷ് വടികൊണ്ടു തല്ലിയത്. ചാനലുകള്‍ ഇതു സംപ്രേഷണം ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.