ഇന്‍ഫോ പാര്‍ക്കില്‍ ഇന്റര്‍വ്യൂവിനെത്തിയ ജിസില്‍ മാത്യു എവിടെ?

Webdunia
ബുധന്‍, 11 മാര്‍ച്ച് 2015 (18:57 IST)
കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ജോലിക്കായുള്ള അഭിമുഖത്തിനെത്തിയ യുവതിയെ കാണാതായിട്ട് ആറുദിവസം. തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശിയായ ജിസില്‍ മാത്യുവിനെയാണ് കാണാതായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടു കൂടി നടത്തിയ അന്വേഷണത്തില്‍ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിനെ അടിസ്ഥാനമാക്കി അന്വേഷണം നടത്തിവരികയാണെന്നും തൃക്കാക്കര എസ് ഐ ജി അനൂപ് പറഞ്ഞു.
 
കഴിഞ്ഞ ജനുവരി 26നായിരുന്നു ജിസില്‍ മാത്യുവിന്റെ വിവാഹം. വിവാഹത്തിനു ശേഷം ഭര്‍ത്താവ് ജോബിന്‍ ജോണുമൊത്ത് വാഴക്കാലയിലുള്ള അപ്പാര്‍ട്‌മെന്റില്‍ താമസിച്ചു വരികയായിരുന്നു. ബംഗളൂരുവില്‍ ഒരു സ്വകാര്യബാങ്കില്‍ ജോലി ചെയ്തു വരികയായിരുന്ന ഇവര്‍ വിവാഹത്തെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ചിരുന്നു.
 
കഴിഞ്ഞ അഞ്ചാം തിയതി ജോലി അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇന്‍ഫോപാര്‍ക്കില്‍ എത്തിയത്. ഭര്‍ത്താവ് ജോബിന്‍ ജോണിനൊപ്പം ഇന്‍ഫോ പാര്‍ക്കിലെത്തിയ ഇവര്‍ ഇന്റര്‍വ്യൂവിനായി അകത്തേക്ക് കയറി പോകുകയും എന്നാല്‍, സമയം കുറെ കഴിഞ്ഞിട്ടും തിരിച്ചുവന്നില്ല. ജിസിലിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. നവമാധ്യമങ്ങളിലും ജിസിലിനായുള്ള തെരച്ചില്‍ നടക്കുകയാണ്.