ഇടുക്കിയില്‍ ഹര്‍ത്താല്‍; പവര്‍ഹൌസിലേക്കുള്ള മാര്‍ച്ച് പൊലീസ് തടഞ്ഞു

Webdunia
ചൊവ്വ, 19 നവം‌ബര്‍ 2013 (11:06 IST)
PRO
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ 48 മണിക്കൂര്‍ നീളുന്ന ഉപരോധ സമരത്തിന്റെ ഭാഗമായി ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പവര്‍ഹൗസ് ഉപരോധം തുടങ്ങി. പള്ളിവാസല്‍, മൂലമറ്റം, നേര്യമംഗലം പവര്‍ഹൗസുകളാണ് ഉപരോധിച്ചത്.

മൂലമറ്റം പവര്‍ ഹൗസിലേക്കുള്ള കര്‍ഷകമാര്‍ച്ച് പൊലീസ് തടഞ്ഞു. പള്ളിവാസല്‍, പനംകുട്ടി ഫോറസ്റ്റ് സ്റ്റേഷനുകള്‍ ഇന്ന് പുലര്‍ച്ചെ കര്‍ഷകര്‍ ഉപരോധിച്ചു. ഏതു സമയവും എന്തും സംഭവിക്കാമെന്ന നിലയിലാണ് ഇടുക്കി മലയോര മേഖല.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലയോര മേഖല മാസങ്ങളായി സമരരംഗത്താണ്. എല്ലായിടത്തും സര്‍ക്കാരിനെതിരെ രോഷപ്രകടനങ്ങള്‍ നടക്കുന്നുണ്ട്.

നിരോധിത മേഖലയാണ് മൂലമറ്റം പവര്‍ഹൗസ്. ഇവിടേക്ക് ആരേയും കടത്തി വിടാതിരിക്കുവാന്‍ സായുധ പൊലീസും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

നേര്യമംഗലം പവര്‍ഹൗസിലും സമിതിയുടെ നേതൃത്വത്തില്‍ ഉപരോധം നടത്തുന്നുണ്ട്. സെങ്കുളത്തും ഉപരോധം നടത്തുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനത്തെ ഉപരോധം ബാധിക്കാതിരിക്കാന്‍ പോലീസും അധികൃതരും പ്രത്യേക സജ്ജീകരണങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.