ഇടുക്കിയില്‍ സൗഹൃദമത്സരം: ആന്റണി രാജു പറഞ്ഞത് വലിയ പാതകമൊന്നുമല്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്
തിങ്കള്‍, 24 ഫെബ്രുവരി 2014 (14:39 IST)
PRO
PRO
ഇടുക്കിയില്‍ സൗഹൃദമത്സരത്തിന് സാധ്യതയുണ്ടെന്ന ആന്റണി രാജുവിന്റെ പ്രസ്താവന തള്ളിക്കളയാതെവലിയ പാതകമൊന്നുമല്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്. അങ്ങനെയൊരു ഘട്ടം വരുമ്പോള്‍ ആലോചിക്കാമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. ഇടുക്കി സീറ്റ് നല്‍കിയില്ലെങ്കില്‍ സൗഹൃദമത്സരം നടക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കുമെന്നായിരുന്നു ആന്റണി രാജു പറഞ്ഞത്. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയും വൈസ് ചെയര്‍മാന്‍ പി സി ജോര്‍ജും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും പോലും ചോദ്യം ചെയ്ത ആന്റണി രാജുവിന്റെ പ്രസ്താവന തള്ളിക്കളയാതെ ഫ്രാന്‍സിസ് ജോര്‍ജ് സൗഹൃദമത്സര സാധ്യത വ്യക്തമാക്കി.
ഇടുക്കിയില്‍ സൗഹൃദമത്സരമുണ്ടാകുമെന്ന ആന്റണി രാജുവിന്റെ പ്രസ്താവനയെ ശക്തമായി എതിര്‍ത്ത പി സി ജോര്‍ജിന് എന്തും പറയാനുള്ള ലൈസന്‍സ് ഉണ്ടെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. ഇടുക്കി സീറ്റും കൂടി ആവശ്യപ്പെടണമെന്ന പിജെ ജോസഫ് വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തെ തുടക്കംമുതല്‍തന്നെ എതിര്‍ക്കുന്ന നേതാവാണ് പി സി ജോര്‍ജ്. ഇതിന്റെ പേരില്‍ പി ജെ ജോസഫ് വിഭാഗം പി സി ജോര്‍ജിനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇടുക്കിയില്‍ സൗഹൃദമത്സരമുണ്ടാകുമെന്ന ആന്റണി രാജുവിന്റെ പ്രസ്താവനയെ പി സി ജോര്‍ജ് ശക്തമായി എതിര്‍ത്തതിന് പിന്നാലെ കെ എം മാണിയും രംഗത്തെത്തിയിരുന്നു.
മുന്നണിക്കുള്ളില്‍ സൗഹൃദമത്സരമുണ്ടാകില്ലെന്ന് വ്യക്തമാക്കിയ കെ എം മാണി ആന്റണി രാജുവിന്റെ പ്രസ്താവന വ്യക്തിപരമായ അഭിപ്രായമാണെന്ന് തള്ളിക്കളഞ്ഞിരുന്നു. അതിന് പിന്നാലെ പി ജെ ജോസഫും ആന്റണി രാജുവിന്റെ പ്രസ്താവന തള്ളിക്കളഞ്ഞ് രംഗത്തെത്തിയിരുന്നു. ഇടുക്കിയിലെ കോണ്‍ഗ്രസ് സിറ്റിംഗ് എംപിയായ പി ടി തോമസും ആന്റണി രാജുവിന്റെ പ്രസ്താവന തള്ളിക്കളഞ്ഞിരുന്നു. ഇടുക്കിയില്‍ സൗഹൃദ മത്സരമെന്ന് പറഞ്ഞ ആന്റണി രാജുവിന് ദുഷ്ടലാക്കാണെന്നാണ് പിടി തോമസ് എംപി പ്രതികരിച്ചത്. കോട്ടയത്തും സൗഹൃദമത്സരം എന്ന് പറയിക്കാനാണ് നീക്കം. കോണ്‍ഗ്രസുകാര്‍ സൗഹൃദമത്സരത്തിന് ഇല്ലെന്നും പി ടി തോമസ് പറഞ്ഞു.