ഇടുക്കി ഉള്‍പ്പടെ തെക്കന്‍ കേരളത്തില്‍ രണ്ടുദിവസമായി തുടരുന്ന കനത്ത മഴയില്‍ വന്‍നാശനഷ്ടം. മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും ഇടുക്കി ജില്ലയില്‍ ഏഴുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി. ഇടുക്കി തടിയമ്പടനാട് ഉറുമ്പിതടത്തില്‍ ജോസിന്റെ മക്കളായ ജോസ്ന (16), ജോസ്നി(14), വരിക്കയില്‍ പാപ്പച്ചന്‍, ഭാര്യ തങ്കമ്മ, പെരുമാന്‍തളത്തില്‍ അന്നമ്മ, മലയിഞ്ചിയില്‍ ശാരദ എന്നിവരാണ് മരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാത്രിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് ജോസ്നയും ജോസ്നിയും മരിച്ചത്. ഞായറാഴ്ച രാത്രി ഏറെ വൈകി കഞ്ചിത്തണ്ണിയിലുണ്ടായ ഉരുള്‍പൊട്ടലിലായിരുന്നു പാപ്പച്ചന്‍്റെയും ഭാര്യ തങ്കമ്മയുടെയും മരണമെന്നുമായിരുന്നു സൂചന.
വീടിന്‍്റെ മണ്‍ഭിത്തി ഇടിഞ്ഞാണ് അന്നമ്മയും ശാരദയും മരിച്ചത്. നാലോളം പേരെ കാണാതായിട്ടുണ്ട്.മഴ ശക്തിപ്പെട്ടതോടെ, ഇടമലയാര്‍, നെയ്യാര്‍, പെരിങ്ങല്‍കുത്ത് ഡാമുകള്‍ തുറന്നു വിട്ടു. ഇടമലയാര്‍ ഡാം തുറന്നുവിട്ടതിനെ തുടര്‍ന്ന് മലയാറ്റൂര്‍ മുളങ്കുഴിയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി.
മലങ്കര ഡാമിന്റെ ഷട്ടറുകള്‍ പൂര്‍ണമായും തുറന്നുവിട്ടിരിക്കുന്നതിനാല്‍, തൊടുപുഴ ആറിന്‍്റെ ഇരുകരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് അറിയിച്ചു. നിരവധി പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായെന്നും സൂചനയുണ്ട്.