ഇടതുകൂട്ട്: വയലാര്‍ രവി ഒറ്റപ്പെടുന്നു

Webdunia
ചൊവ്വ, 26 മാര്‍ച്ച് 2013 (14:56 IST)
PRO
PRO
ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടികളുമായി ധാരണയാകാമെന്ന വയലാര്‍ രവിയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ഇടതുകക്ഷികളുമായി ധാരണ വേണമെന്ന്‌ പറയുന്നത്‌ ആത്മവിശ്വാസമില്ലാത്തവരാണെന്ന് കെ പി സി സി വക്താവ് എം എം ഹസന്‍.

വയലാര്‍ രവിയുടെ അഭിപ്രായം വ്യക്‌തിപരമാണ്‌. കേരളത്തില്‍ കോണ്‍ഗ്രസിന്‌ ഇടതുമുന്നണിയുടെ ഔദാര്യം വേണ്ടൈന്നും ഹസന്‍ പറഞ്ഞു. ദേശീയ തലത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെ അനുകൂലിച്ച് കോണ്‍ഗ്രസില്‍ നിന്ന് ആരും രംഗത്ത് വന്നിരുന്നില്ല.

മാത്രമല്ല, മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്കും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും ഇതിനോട് യോജിപ്പുമില്ല. ഈ സാഹചര്യത്തില്‍ വയലാര്‍ രവി കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ എല്‍ഡിഎഫിനെ കിട്ടില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ കട്ടില്‍ കണ്ടു കോണ്‍ഗ്രസ്‌ പനിക്കേണ്ടെന്നും പരിഹാസ രൂപേണ അദ്ദേഹം പറഞ്ഞു.