പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. രാവിലെ പത്തരയ്ക്ക് പണ്ടാര അടുപ്പ് തെളിക്കുന്നതോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കും. വൈകുന്നേരം മൂന്നേകാലിനാണ് നിവേദ്യം.
പൊങ്കാലയോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 4500 പൊലീസുകാരും സിസിടിവി ക്യാമറകളും ഉള്‍പ്പെടെ നഗരം കര്‍ശന സുരക്ഷാവലയത്തതിലാണ്. പൊങ്കാലയ്‌ക്ക് എത്തുന്നവര്‍ക്ക് താമസവും ഭക്ഷണവും അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി സന്നദ്ധസംഘടനകളും റെസിഡന്‍സ് അസോസിയേഷനുകളും സജീവമായി രംഗത്തുണ്ട്.
പൊങ്കാല പ്രദേശങ്ങളിലെല്ലാം നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരണവും നടക്കുന്നുണ്ട്.പൊങ്കാല പ്രമാണിച്ച് കെ എസ് ആര്‍ ടി സിയുടെയും റെയില്‍വേയുടെയും പ്രത്യേക സര്‍വ്വീസുകള്‍ ഉണ്ടാകും.
ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് നഗരം വൃത്തിയാക്കാന്‍ 2484 ജീവനക്കാരെയാണ് നഗരസഭ ഏല്പിച്ചിരിക്കുന്നത്‍. പൊങ്കാല കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നഗരം ശുചിയാക്കാനുള്ള തയ്യാറെടുപ്പിലാണ് തിരുവനന്തപുരം നഗരസഭ. പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലയ്ക്ക് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.