നിയമസഭ തെരഞ്ഞെടുപ്പില്‍ ആറു സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ജെ എസ് എസ് തീരുമാനിച്ചു. ഇന്നു ചേര്‍ന്ന സംസ്ഥാന കമ്മറ്റിയുടേതാണ് തീരുമാനം. എ കെ ജി സെന്ററില്‍ എത്തി എല്‍ ഡി എഫുമായി നേതാക്കളുമായി ഗൌരിയമ്മ സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ജെ എസ് എസിന് സീറ്റ് നല്‍കേണ്ട എന്ന നിലാപാട് എല്‍ ഡി എഫ് എടുത്തത്.
സീറ്റില്ലെന്ന് പറയാനാണ് എ കെ ജി സെന്ററില്‍ വിളിച്ച് വരുത്തിയതെന്നതടക്കമുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ ഗൌരിയമ്മ ഉന്നയിച്ചിരുന്നു. ഗൌരിയമ്മ ഇടഞ്ഞതോടെ തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ സമവായ ശ്രമങ്ങള്‍ നടത്തിയിരുന്നു. എല്‍ ഡി എഫ് അധികാരത്തില്‍ എത്തിയാല്‍ ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കാമെന്ന ഉപാധികളായിരുന്നു മുന്നോട്ട്‌വച്ചത്. എന്നാല്‍ ഇതിന് ഗൌരിയമ്മ വഴങ്ങിയില്ല.
നിലവില്‍ പ്രഖ്യാപിച്ച പട്ടികയില്‍ ഇല്ലെങ്കിലും സി പി എം ചിഹ്നത്തില്‍ ജെ എസ് എസ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുമെന്ന പ്രതീക്ഷ ഗൌരിയമ്മയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇതും അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇന്ന് ചേര്‍ന്ന യോഗത്തില്‍ സി പി എമ്മില്‍ ലയിക്കണം എന്ന് ഭൂരിഭാഗം അണികളും ആവശ്യപ്പെട്ടെങ്കിലും ഇതിനെതിരെ ഗൌരിയമ്മ കടുത്ത നിലപാട് എടുക്കുകയായിരുന്നു.
അതേസമയം, ഗൌരിയമ്മയെ എന്‍ ഡി എ പാളയത്തിലെത്തിക്കാന്‍ ബി ജെ പി ശ്രമം നടത്തിയിരുന്നു. ജെ എസ് എസ് വന്നാല്‍ ബി ഡി ജെ എസ് മത്സരിക്കുന്ന അരൂര്‍ ഉള്‍പ്പടെയുള്ള മണ്ഡലങ്ങള്‍ നല്‍കാമെന്നും എന്‍ ഡി എ നേതാക്കള്‍ ഗൌരിയമ്മയെ അറിയിച്ചു. ഇതിനോട് അനുഭാവപൂര്‍ണമായ നിലപാടാണ് ഗൌരിയമ്മ എടുത്തത്.
അതേസമയം, മത്സരിക്കുന്ന മണ്ഡലങ്ങളെക്കുറിച്ച് തീരുമാനം എടുക്കാന്‍ പാര്‍ട്ടി ഗൌരിയമ്മയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.