അറബിക്കല്ല്യാണക്കേസില്‍ സിയെസ്കോ യത്തീംഖാന സെക്രട്ടറിയടക്കം നാല് നടത്തിപ്പുകാര്‍ പ്രതിപ്പട്ടികയില്‍. അതിനിടെ യുഎഇ പൌരനായ വരനും ഒന്നാം പ്രതിയുമായ ജാസിം അഹമ്മദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും പൊലീസ് ഊര്‍ജ്ജിതമാക്കി. കോഴിക്കോട്ടെ യത്തീംഖാന സെക്രട്ടറി പിടി മുഹമ്മദലി അടക്കമുള്ള മൂന്നുപേരുടെ പങ്കാണ് പൊലീസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരടക്കം പത്തുപേരെ പൊലീസ് പ്രതികളാക്കിയത്.
പത്തംഗ പ്രതിപ്പട്ടികയിലെ മറ്റുള്ളവരുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണവും പൊലീസ് ഊര്‍ജ്ജിതമാക്കി. അതിനിടെ പെണ്‍കുട്ടിയുടെ മൊഴിക്കുപിന്നില്‍ ചില ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന വാദവുമായി യത്തീംഖാന ഭാരവാഹികള്‍ രംഗത്തെത്തി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെയാണ് വിവാഹം കഴിച്ചുനല്‍കിയത് എന്നതിനാല്‍ നിരവധി രേഖകളും പരിശോധിക്കാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ അറസ്‌റ്റിലായ വരന്റെ ഉമ്മ അടക്കമുള്ള മൂന്നുപേരും കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്.
അതിനിടെ പെണ്‍കുട്ടിയുടെയും അമ്മയുടെ പൂര്‍ണ്ണസമ്മതത്തോടെയായിരുന്നു വിവാഹമെന്ന വാദവുമായി യത്തീംഖാന അധികൃതര്‍ രംഗത്തെത്തി. വരന്റെ രക്ഷിതാക്കള്‍ തന്ന ആധികാരികമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുഎഇ പൌരനെക്കൊണ്ട് കുട്ടിയെ കല്ല്യാണം കഴിപ്പിച്ചത്.
കേസിനെ നിയമപരമായി നേരിടും. മുസ്ലീംപെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കി കുറച്ച സര്‍ക്കുലറും കൊണ്ടാണ് ഭാരവാഹികള്‍ എത്തിയത്. ഇനി സിയെസ്കോ യത്തീംഖാന വിവാഹത്തിന് വേദിയാകില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു