അനൂപ് ജേക്കബിനെതിരെ മൂന്നമത്തെ വിജിലന്‍സ് അന്വേഷണം
ബുധന്‍, 27 ഫെബ്രുവരി 2013 (15:10 IST)
PRO
PRO
മന്ത്രിയായി അധികാരമേറ്റ് ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് അനൂപ് ജേക്കബിനെതിരെ മൂന്നാമത്തെ വിജിലന്‍സ് അന്വേഷണം. ക്രമക്കേട് നടത്തിയ സബ് രജിസ്ട്രാറെ ചട്ടവിരുദ്ധമായി തിരികെയെടുത്തുവെന്നും രജിസ്ട്രേഷന്‍ ഐജിയെ നീക്കിയെന്നും കാട്ടി നല്‍കിയ പരാതിയിലാണ് തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
കേരള കോണ്‍ഗ്രസ് ജേക്കബ് നേതാവ് ജോണി നെല്ലൂരും അന്വേഷണം നേരിടുന്നുണ്ട്. ജൂണ്‍ 26 ന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. വിജിലന്‍സിന്റെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല.
നീലേശ്വരം സ്വദേശിനിയായ ഓര്‍മശക്തി നശിച്ച 91 കാരിയുടെ പേരിലുള്ള സ്ഥലം മറ്റൊരാള്‍ക്ക് രജിസ്റ്റര്‍ ചെയ്തു നല്‍കിയതിന് സസ്പെന്‍ഷനിലായ നീലേശ്വരം സബ് രജിസ്ട്രാര്‍ എ ദാമോദരനെ മന്ത്രിയും കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂരും ചേര്‍ന്ന് സര്‍വീസില്‍ തിരികെയെടുത്തതായാണ് പരാതിയില്‍ ആരോപിക്കുന്നത്.
രജിസ്ട്രേഷന്‍ ഐജിയായിരുന്ന കെ ആര്‍ ദേവാനന്ദ് ആണ് ദാമോദരനെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ ദാമോദരനെ തിരിച്ചെടുത്ത മന്ത്രി രജിസ്ട്രേഷന്‍ ഐജി സ്ഥാനത്തുനിന്നും ദേവാനന്ദിനെ നീക്കിയതായും പരാതിയില്‍ പറയുന്നു.