അനുശോചനപ്രവാഹം: ദു:ഖത്തിലാഴ്ന്ന് സിനിമാലോകം

Webdunia
ചൊവ്വ, 26 മാര്‍ച്ച് 2013 (20:27 IST)
PRO
PRO
സുകുമാരിയമ്മയുടെ അന്ത്യം വലിയ വേര്‍പാട്‌ ആണെന്ന്‌ നടന്‍ മോഹന്‍ലാല്‍‍. സ്വന്തം വിഷമങ്ങള്‍ മറ്റാരെയും അറിയിക്കാതെ ജീവിച്ച തന്റെ അമ്മയും ചേച്ചിയും സുഹൃത്തുമായിരുന്നു സുകുമാരിയെന്നും മോഹന്‍ലാല്‍ പറഞ്ഞു. താരസംഘടനയായ അമ്മയുടെ അനുശോചന യോഗത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയില്‍ മാത്രമല്ല അയ്യായിരത്തോളം നാടക വേദികളിലും നിറ സാന്നിധ്യമായിരുന്നു സുകുമാരിയെന്നും തനിക്ക്‌ 33 വര്‍ഷമായി പരിചയമുളള ആളായിരുന്നു അവരെന്നും മോഹന്‍ലാല്‍ പറഞ്ഞു.

നടി സുകുമാരിയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.സ്വാഭാവിക അഭിനയം കൊണ്ട് കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടിയായിരുന്നു സുകുമാരിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുകുമാരിയുടെ വിയോഗം ചലചിത്ര ലോകത്തിന് തീരാനഷ്ടമാണെന്ന് കേന്ദ്ര മന്ത്രി വയലാര്‍ രവി അനുസ്മരിച്ചു. ഹൃദയവേദനയോടെയാണ് സുകുമാരിയുടെ വേര്‍പാടിനെക്കുറിച്ചുള്ള വാര്‍ത്ത കേട്ടതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പ്രതികരിച്ചു‍. അമ്മയുടെ വേര്‍പാടായിട്ടാണ് അനുഭവപ്പെടുന്നത്. ഇത്രയധികം കഥാപാത്രങ്ങളെ അവതരിപ്പിച്ച സുകുമാരി പകര്‍ന്നു തന്ന സ്‌നേഹം മറക്കാന്‍ കഴിയില്ലെന്നും ഗണേഷ് കുമാര്‍ അനുസ്മരിച്ചു.

അത്രയും ആത്മാര്‍ത്ഥമായി സിനിമയെ സമീപിച്ച നടിയാണ് സുകുമാരിയെന്ന് സംവിധായകന്‍ കമല്‍ അനുസ്മരിച്ചു. അസുഖബാധിതയായ കാലത്തുപോലും സിനിമയില്‍ നിന്നു മാറിനിന്നില്ല. ജോലിയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അവര്‍ തയ്യാറായിരുന്നില്ലെന്നും കമല്‍ ഓര്‍മിച്ചു. വിശ്വസിക്കാനാകുന്നില്ല സുകുമാരിയുടെ മരണമെന്ന് നടി ഉര്‍വശി പ്രതികരിച്ചു. ചെറുപ്പം മുതല്‍ അറിയാം. സ്വന്തം അമ്മയെപ്പോലെയായിരുന്നു. അതുകൊണ്ട് തന്നെ അമ്മയുടെ വിയോഗം തീരാദുഖമാണെന്നും ഉര്‍വശി പറഞ്ഞു.