അടുത്ത സമരത്തില്‍ ആര്‍എസ്പി പാടവം തെളിയിക്കട്ടെ: കോടിയേരി

Webdunia
വ്യാഴം, 22 ഓഗസ്റ്റ് 2013 (19:43 IST)
PRO
അടുത്ത സമരം വരുമ്പോള്‍ ആര്‍എസ്പി സംഘടനാപാടവം തെളിയിക്കട്ടെയെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍റെ പരിഹാസം. സിപിഎമ്മിനെക്കാള്‍ സംഘടനാപാടവം ആര്‍എസ്പിക്ക് ഉണ്ടാകാമെന്നും കോടിയേരി പറഞ്ഞു.

സെക്രട്ടേറിയറ്റ് ഉപരോധ സമരം പെട്ടെന്ന് പിന്‍‌വലിക്കേണ്ടിവന്നത് സി പി എമ്മിന്‍റെ സംഘാടനത്തിലെ അപാകതയാണെന്ന് ആര്‍എസ്പി ദേശീയ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ വിമര്‍ശിച്ചതിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. ഈ വിമര്‍ശനം ചന്ദ്രചൂഡന്‍ എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

ഉപരോധ സമരം പൊളിയാന്‍ കാരണം സി പി എമ്മാണെന്നും സമരം പാതിവഴിയില്‍ പിന്‍‌വലിക്കേണ്ടിവന്നത് സി പി എമ്മിന്‍റെ പിഴവാണെന്നുമായിരുന്നു ചന്ദ്രചൂഡന്‍ കഴിഞ്ഞ ദിവസം ആഞ്ഞടിച്ചത്.

എല്ലാവരുമായും കൂടിയാലോചിച്ച് സമരം ചെയ്തിരുന്നെങ്കില്‍ പൊളിയില്ലായിരുന്നു. സമരം ചെയ്യാന്‍ ആര്‍ക്കും കഴിയും. സമരത്തിന്‍റെ പര്യവസാനം അവധാനതയോടെ ആലോചിച്ചു വേണം ചെയ്യാന്‍. സമരം നടത്തുന്നതില്‍ നേതൃത്വപാടവം കാണിക്കണമായിരുന്നു. സമരം എങ്ങനെ അവസാനിപ്പിക്കണമെന്ന് ഇടതുമുന്നണിയില്‍ ആലോചിക്കണമായിരുന്നു. അത് ഉണ്ടാകാത്തതുകൊണ്ടാണ് സമരം പിന്‍‌വലിക്കേണ്ടിവന്നതിന്‍റെ കാരണം വിശദീകരിക്കാന്‍ സ്വന്തക്കാരുടെ യോഗം വിളിക്കേണ്ടിവരുന്നതെന്നും ചന്ദ്രചൂഡന്‍ വിമര്‍ശിച്ചിരുന്നു.