മക്കളെ കോപ്പിറൈറ്റ് ചുമ്മാതെയാണോ?, ബൈറ്റ്ഡാന്‍സിന്റെ പുതിയ എഐക്കെതിരെ ഹോളിവുഡ്

അഭിറാം മനോഹർ

തിങ്കള്‍, 16 ഫെബ്രുവരി 2026 (19:58 IST)
എ.ഐ. സാങ്കേതിക വിദ്യ ഉപയോഗിച്ച് വീഡിയോ നിര്‍മ്മിക്കുന്ന ബൈറ്റ്ഡാന്‍സിന്റെ സീഡാന്‍സ് എഐക്കെതിരെ പകര്‍പ്പാവകാശ നിയമലംഘനം ആരോപിച്ച് ഡിസ്‌നി. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന തരത്തില്‍ വീഡിയോകള്‍ നിര്‍മിക്കാനുള്ള സൗകര്യമാണ് ബൈറ്റ്ഡാന്‍സ് സീഡാന്‍സിന്റെ പുതിയ പതിപ്പില്‍ അവതരിപ്പിച്ചിരുന്നത്. ഇതിന് പിന്നാലെ ഡിസ്‌നിയുടെ പല കഥാപാത്രങ്ങളെ വെച്ചുള്ള എ ഐ വീഡിയോരംഗങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ഇത് പകര്‍പ്പാവകാശ ലംഘനമാണെന്ന് ഉയര്‍ത്തികാണിച്ചാണ് ഡിസ്‌നി രംഗത്ത് വന്നിരിക്കുന്നത്.
 
 
ഡിസ്‌നി അയച്ച cease-and-desist നോട്ടീസില്‍, കമ്പനിയുടെ കോപ്പിറൈറ്റ് ഉള്ള കഥാപാത്രങ്ങളും ദൃശ്യഘടകങ്ങളും അനുമതിയില്ലാതെ എ.ഐ. മോഡലുകള്‍ പരിശീലിപ്പിക്കാന്‍ ഉപയോഗിച്ചെന്നാണ് ആരോപിക്കുന്നത്. ഡിസ്‌നിയുടെ സ്റ്റാര്‍ വാര്‍സ്, മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സ്  ഫ്രാഞ്ചൈസുകളിലെ കഥാപാത്രങ്ങളോട് സാമ്യമുള്ള ദൃശ്യങ്ങള്‍ എ.ഐ. സൃഷ്ടികള്‍ ഉപയോഗിച്ച് പ്രചരിച്ചിരുന്നു.
 
 
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചില എ.ഐ. വീഡിയോകളില്‍ സ്‌പൈഡര്‍മാന്‍ തുടങ്ങിയ ജനപ്രിയ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങള്‍ കണ്ടതോടെയാണ് വിവാദം ശക്തമായത്. പകര്‍പ്പാവകാശ നിയമങ്ങളെ മാനിക്കുന്നതായി അറിയിച്ച ബൈറ്റ്ഡാന്‍സ് ഉപയോക്താക്കള്‍ അനുമതിയില്ലാത്ത കാപ്പിറൈറ്റ് ഉള്ള ഉള്ളടക്കം ഉപയോഗിക്കുന്നത് തടയാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും അറിയിച്ചു. എന്നാല്‍ നടപ്പിലാക്കുന്ന നടപടികളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
 
ജനറേറ്റീവ് എ.ഐ. പ്ലാറ്റ്ഫോമുകള്‍ കാപ്പിറൈറ്റ് ഉള്ള സൃഷ്ടികള്‍ ഉപയോഗിക്കുന്നതിനെതിരെ വിനോദ വ്യവസായം ശക്തമായ ആശങ്ക ശക്തമാണ്. കൂടാതെ എ ഐ വീഡിയോകള്‍ ഹോളിവുഡ് നിലവാരത്തില്‍ ദൃശ്യങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാപ്തമായി എന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. കുറഞ്ഞ മുതല്‍മുടക്കില്‍ മനുഷ്യരുടെ സാന്നിധ്യമില്ലാതെ രംഗങ്ങള്‍ ചെയ്യാം എന്നത് സിനിമാരംഗത്താണ്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുള്ളത്. ഇതിനൊപ്പം സിനിമയുടെ കഥാപാത്രങ്ങള്‍ അടക്കമുള്ളവയുടെ ഉടമസ്ഥാവകാശം, ലൈസന്‍സിംഗ് എന്നിവയെല്ലാം ചര്‍ച്ചയായി മാറുകയാണ്. എ ഐ കൂടുതല്‍ ശക്തമാകുന്നതോടെ കോപ്പിറൈറ്റ് ലംഘനങ്ങളും ഡീപ്‌ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്രിമമായി വീഡിയോ രംഗങ്ങള്‍ നിര്‍മിക്കാമെന്നതും ആശങ്കള്‍ സൃഷ്ടിക്കുന്നതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍