ഒരു വർഷത്തിനകം വൈറ്റ് കോളർ ജോലികൾ ഇല്ലാതാകും? ലോകത്തെ ഞെട്ടിച്ച് മൈക്രോസോഫ്റ്റ് എഐ മേധാവിയുടെ മുന്നറിയിപ്പ്

അഭിറാം മനോഹർ

വെള്ളി, 13 ഫെബ്രുവരി 2026 (16:55 IST)
അടുത്ത 12 മുതല്‍ 18 മാസത്തിനുള്ളില്‍ ഭൂരിഭാഗം വൈറ്റ് കോളര്‍ ജോലികളും എഐ ഏറ്റെടുക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് എഐ വിഭാഗം സി.ഇ.ഒ മുസ്തഫ സുലൈമാന്‍. ബ്രിട്ടീഷ് മാധ്യമമായ  ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഐടിയിലെ ഭാവി സാധ്യതകളെ പറ്റി ഗൗരവകരമായ വിലയിരുത്തല്‍ മൈക്രോസോഫ്റ്റ് എ ഐ മേധാവി നടത്തിയത്.
 
കമ്പ്യൂട്ടര്‍ അധിഷ്ഠിതമായി നടക്കുന്ന നിയമം, അക്കൗണ്ടിംഗ്, മാര്‍ക്കറ്റിംഗ്, പ്രോജക്ട് മാനേജ്‌മെന്റ് തുടങ്ങി നിരവധി ഓഫീസ് ജോലികള്‍ എഐയ്ക്ക് മനുഷ്യനിലവാരത്തില്‍ നിര്‍വഹിക്കാന്‍ കഴിയുന്ന ഘട്ടത്തിലെത്തിയെന്ന് അദ്ദേഹം പറയുന്നു. കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ മുന്‍പില്‍ ഇരുന്ന് ചെയ്യുന്ന ഭൂരിഭാഗം ജോലികളും എഐക്ക്  ചെയ്യാനാകും. ഇതിലൂടെ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറിംഗ് മേഖലയിലാണ് വലിയ മാറ്റം ഉണ്ടാവുക.നിരവധി പ്രോഗ്രാമര്‍മാര്‍ അവരുടെ കോഡിംഗ് ജോലികളുടെ വലിയൊരു വിഹിതം എഐ സഹായത്തോടെ പൂര്‍ത്തിയാക്കുന്ന സാഹചര്യം നിലവിലുണ്ട്.
 
ഇത് തുടക്കഘട്ടമാണ്, അടുത്ത ഘട്ടത്തില്‍ സങ്കീര്‍ണ്ണമായ അനാലിസിസ് ജോലികളും റിപ്പോര്‍ട്ട് തയ്യാറാക്കലുകളും, ക്ലയന്റ് ഇടപാടുകളും വരെ എഐ സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുമെന്നുമാണ് മുസ്തഫ സുലൈമാന്‍ പറയുന്നത്. ഭാവിയില്‍ പുതിയ എഐ മോഡലുകള്‍ സൃഷ്ടിക്കുന്നത് ഒരു ബ്ലോഗ് എഴുതുന്നതോ പോഡ്കാസ്റ്റ് തയ്യാറാക്കുന്നതോ പോലെ എളുപ്പമാകുമെന്നും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ആവശ്യാനുസരണം സ്വന്തം എഐ സംവിധാനങ്ങള്‍ വികസിപ്പിക്കാനാകുന്ന ഘട്ടത്തിലേക്കാണ് ലോകം നീങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 
അടുത്ത രണ്ട് മുതല്‍ മൂന്ന് വര്‍ഷത്തിനകം സ്വയം പ്രവര്‍ത്തിക്കുന്ന എഐ ഏജന്റുകള്‍ വലിയ സ്ഥാപനങ്ങളിലെ സങ്കീര്‍ണ്ണ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നിയന്ത്രിക്കാന്‍ ശേഷിയാര്‍ജ്ജിക്കുമെന്നും മുസ്തഫ സുലൈമാന്‍ പറയുന്നു. ഇതുവഴി ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ വൈറ്റ് കോളര്‍ ജീവനക്കാരാണ് ഏറ്റവും വലിയ ആഘാതം നേരിടുകയെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍