സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ പ്ലാനുണ്ടോ? എന്നാല്‍ തീര്‍ച്ചയായും ഇതൊന്നുവായിക്കാം...

Webdunia
വ്യാഴം, 5 നവം‌ബര്‍ 2015 (17:50 IST)
സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ പോകുന്നതിന് മുമ്പ് സ്വന്തമായി ഒരു വീട് വാങ്ങാന്‍ പോകുന്നതിന്‍റെ തയ്യാറെടുപ്പൊന്നും വേണ്ട. എന്നാല്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ എന്തുണ്ടാകുമെന്നറിയുമോ? 5000 രൂപയ്ക്ക് വാങ്ങേണ്ട ഫോണ്‍ 10000 രൂപ കൊടുത്ത് വാങ്ങും. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിഞ്ഞിരുന്നാല്‍ വാങ്ങുന്നതിന് മുമ്പ് ഒന്ന് കമ്പയര്‍ ചെയ്ത് നോക്കുകയെങ്കിലും ചെയ്യാമല്ലോ.
 
എത്രയാണ് നിങ്ങളുടെ ബജറ്റ് എന്ന് ആദ്യമേ നിശ്ചയിക്കണം. ആ ബജറ്റില്‍ ലഭിക്കുന്ന ഏറ്റവും മികച്ച ഫോണ്‍ ആയിരിക്കണം വാങ്ങേണ്ടത്. ഒരു 4500 - 7000 റേഞ്ചിലുള്ള ഫോണ്‍ ആണ് നോക്കുന്നതെങ്കില്‍ മനസിലാക്കണം, സ്മാര്‍ട്ട് ഫോണുകളുടെ ഏറ്റവും കുറഞ്ഞ വിലയാണ് അത്. അപ്പോള്‍ കൂടുതല്‍ ഫെസിലിറ്റികളൊന്നും പ്രതീക്ഷിക്കരുത്. എന്നാല്‍ ന്യായമായും 4ജി സപ്പോര്‍ട്ട് ചെയ്യും. ക്വാഡ് - കോര്‍ പ്രോസസറാവണം, 2 ജിബി റാം ഉണ്ടായിരിക്കണം. ഇപ്പോള്‍ 13 എം‌പി ഫ്രണ്ട് ക്യാമറയും 8 എംപി സെല്‍ഫി ഷൂട്ടേഴ്സും ഈ റേഞ്ചില്‍ ലഭ്യമാണ്. 4,000mAh വരെ ബാറ്ററി കപ്പാസിറ്റി ഉണ്ടാവണം. ലെനോവോ എ6000 പ്ലസ്, മൈക്രോമാക്സ് കാന്‍‌വാസ് ജ്യൂസ് 2, സിയോമി റെഡ്മി 2 പ്രൈം, വൈ യു യുഫോറിയ തുടങ്ങിയ മോഡലുകള്‍ 4500 - 7000 റേഞ്ചില്‍ ലഭിക്കുന്ന നല്ല ഫോണുകളാണ്. 
 
നല്ല കുറച്ചു ഫീച്ചറുകള്‍ പ്രതീക്ഷിക്കാം 7000 - 13000 റേഞ്ചിലുള്ള ഫോണുകളില്‍. കൂ‍ടുതല്‍ ഫാസ്റ്റായ പ്രോസസറുകള്‍, 2ജിബി റാം, ഉയര്‍ന്ന റെസല്യൂഷനിലുള്ള ക്യാമറ, നല്ല കപ്പാസിറ്റിയുള്ള ബാറ്ററി തുടങ്ങിയവ ന്യായമായും പ്രതീക്ഷിക്കാം. ഈ റേഞ്ചിലുള്ള ചില സ്മാര്‍ട്ട് ഫോണുകളില്‍ 3ജിബി റാം, ഒക്‍ടാ - കോര്‍ പ്രോസസര്‍, വാട്ടര്‍ പ്രൂഫ് രൂപകല്‍പ്പന, ഫ്രണ്ട് ഫ്ലാഷ്, ഫിംഗര്‍ പ്രിന്‍റ് സെന്‍‌സര്‍ തുടങ്ങിയവയൊക്കെ ലഭിക്കുന്നുണ്ട്. വലിയ സ്ക്രീനുകളും ഹൈ റെസല്യൂഷന്‍ ഡിസ്പ്ലേയുമൊക്കെ ഈ റേഞ്ചില്‍ ലഭ്യമാണ്. മൈക്രോമാക്സ് കാന്‍‌വാസ് 5, കൂള്‍‌പാഡ് നോട്ട് 3, അസുസ് സെന്‍‌ഫോണ്‍ 2 ലേസര്‍, സിയോമി മി4, മോട്ടോ ജി(ജനറേഷന്‍ 3), ലെനോവോ കെ3 നോട്ട് തുടങ്ങിയവ ഈ കാറ്റഗറിയില്‍ ലഭിക്കാവുന്ന മികച്ച മോഡലുകളാണ്.
 
വളരെ മികച്ച ഫോണുകള്‍ ലഭിക്കുന്ന ഏരിയയാണ് 13000 - 20000 റേഞ്ച്. കാഴ്ചയ്ക്കുള്ള ഭംഗിയും മികച്ച മെറ്റീരിയലും ഈ പണം കൊണ്ട് ഉറപ്പാക്കാം. വളരെ നേര്‍ത്ത കനമുള്ള മോഡലുകളാണ് ഈ സെഗ്‌മെന്‍റിലുള്ള ഫോണുകളുടെ പ്രത്യേകത. 3 ജിബി മുതല്‍ 4 ജിബി വരെ റാം ഉറപ്പായും പ്രതീക്ഷിക്കാം. കൂടുതല്‍ സ്റ്റോറേജും വാട്ടര്‍ പ്രൂഫ് ഡിസൈനും മികച്ച ക്യാമറയും ഈ റേഞ്ചിലുള്ള ഫോണുകളില്‍ ഉണ്ടാവും. മോട്ടോ എക്സ് പ്ലേ, അസുസ് സെന്‍‌ഫോണ്‍ സെല്‍‌ഫി, സെന്‍‌ഫോണ്‍ 2, ലെനോവോ പി 1, മെയ്സു എം എക്സ്5, സോണി എക്സ്പെരിയ എം4 അക്വ തുടങ്ങിയവ 13000 - 20000 റേഞ്ചിലുള്ള മികച്ച ഫോണുകളാണ്.
 
കൂടുതല്‍ അഡ്വാന്‍സ്ഡായ ഫോണുകള്‍ 20,000-26,000 റേഞ്ചില്‍ ലഭിക്കും. കഴിഞ്ഞ റേഞ്ചുകളില്‍ നിന്ന് പ്രോസസിംഗ് പവറില്‍ വലിയ കുതിപ്പുതന്നെ ഈ വിലനിലവാരമുള്ള ഫോണുകളില്‍ ഉണ്ടാകും. ഗംഭീര ഇമേജ് ക്വാളിറ്റി ഈ ഫോണുകളില്‍ പ്രതീക്ഷിക്കാം. സൂപ്പര്‍ ഗെയിമിംഗിനും മള്‍ട്ടിമീഡിയയുടെ മികച്ച ഉപയോഗത്തിനും ഈ റേഞ്ചിലുള്ള ഫോണുകള്‍കൊണ്ട് സാധിക്കും. വണ്‍‌പ്ലസ്2, അസുസ് സെന്‍‌ഫോണ്‍2 ഡീലക്സ്, ലെനോവോ വൈബ് ഷോട്ട്, ഹ്വാവേ ഓണര്‍ 7 തുടങ്ങിയവ ഈ നിലവാരത്തിലുള്ള ഫോണുകളാണ്. 26000 - 33000 റേഞ്ചിലും ഗംഭീര മോഡലുകള്‍ നിങ്ങളെ കാത്തിരിപ്പുണ്ട്. തകര്‍പ്പന്‍ ഡിസ്പ്ലേയും ഒക്‍ടാ - കോര്‍ പ്രോസസറും പെഡോമീറ്റര്‍ പോലുള്ള ഫീച്ചറുകളും ഈ ഫോണുകളില്‍ പ്രതീക്ഷിക്കാം. ആപ്പിള്‍ ഐഫോണ്‍ 5എസ്, സാംസങ് ഗ്യാലക്സി നോട്ട് 4, എച്ച് ടി സി വണ്‍ ഇ9+, ഗൂഗിള്‍ നെക്സസ് 5എക്സ്, മോട്ടോ എക്സ് സ്റ്റൈല്‍ തുടങ്ങിയ മോഡലുകള്‍ ഈ റേഞ്ചിലുള്ളവയാണ്.
 
സൌന്ദര്യപരമായ കാര്യങ്ങളിലാണ് 33000 - 40000 റേഞ്ചിലുള്ള ഫോണുകള്‍ക്ക് നിര്‍മ്മാതാക്കള്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. രൂപകല്‍പ്പനയിലും ഏറെ ശ്രദ്ധ കൊടുത്തിരിക്കുന്നത് കാണാം. ടോപ്പ് എന്‍ഡ് പ്രോസസറുകള്‍, 4ജിബി റാം, ഹൈ റെസല്യൂഷന്‍ ക്യാമറ, വലിയ ബാറ്ററി, ഫിറ്റ്നസ് സെന്‍സറുകളും ഫിംഗര്‍ ടിപ് സെന്‍‌സറും എല്ലാം ഈ ഏരിയയിലുള്ള ഫോണുകളില്‍ എക്സ്പെക്ട് ചെയ്യണം. എച്ച് ടി സി വണ്‍ എം9, ആപ്പിള്‍ ഐഫോണ്‍ 6, ഗൂഗിള്‍ നെക്സസ് 6പി, സാംസങ് ഗ്യാലക്സി എസ് 6, എല്‍ജി ജി4 തുടങ്ങിയ മോഡലുകള്‍ ഈ റേഞ്ചില്‍ ഉള്‍പ്പെടും. 40000ന് മുകളിലുള്ള ഫോണുകളില്‍ ആര്‍ഭാടവും ആഡംബരവും കൂടും. ഫോണ്‍ ഒരു സ്റ്റാറ്റസ് സിംബല്‍ കൂടിയാണെന്ന് കരുതുന്നവര്‍ക്ക് ആ റേഞ്ചിലേക്ക് പോകാം. ഭംഗിയും കരുത്തും ഒട്ടേറെ സൌകര്യങ്ങളുമടങ്ങിയ ഫോണുകള്‍ ആ റേഞ്ചില്‍ ധാരാളമുണ്ട്.