രജനിക്ക് ട്വീറ്റ് ചെയ്ത ബിഗ്ബി കുടുങ്ങി!

വ്യാഴം, 14 ഏപ്രില്‍ 2011 (16:36 IST)
PRO
PRO
രജനീകാന്തിന് വെറുതെയൊന്ന് ട്വീറ്റ് ചെയ്തതേയുള്ളൂ. അമിതാബ് ബച്ചന്‍ കുടുങ്ങി. രജനിയുടെ രസികര്‍ ബിഗ്ബിയുടെ കൊങ്ങയ്ക്ക് കയറിപ്പിടിച്ചു. ‘മന്നിപ്പ് കേള്‍! ഇപ്പൊവേ കേള്‍!’ എന്നാണ് രജനി ആരാധകരായ ട്വീറ്റര്‍മാര്‍ അമിതാഭ് ബച്ചന് നല്‍‌കിയ ‘അള്‍‌ട്ടിമേറ്റം’!

അമിതാഭ് ബച്ചന്‍ ഇടയ്ക്കെല്ലാം രജനിക്ക് കൊച്ചുവര്‍ത്തമാനങ്ങള്‍ ട്വീറ്റ് ചെയ്യാറുണ്ട്. ‘ചായ കുടിച്ചോ? കൊച്ചുമോന്റെ കരപ്പന്‍ മാറിയോ?’ എന്നിങ്ങനെ. അതെല്ലാം കണ്ടുകണ്ട് ലോകമെമ്പാടുമുള്ള രജനി ആരാധകര്‍ നെടുവീര്‍പ്പിട്ടു. രണ്ടു സിങ്കങ്ങള്‍ തമ്മിലുള്ള സൌഹൃദം അവര്‍ ആഘോഷിച്ചു. അങ്ങനെയിരിക്കെയാണ് രജനിക്ക് ബിഗ്ബി ഒരു പുതിയ സന്ദേശം കുറുകിയത്.

അത് ഏതണ്ട് ഇങ്ങനെ വായിക്കാം: “ചില സുഹൃത്തുക്കള്‍ എനിക്ക് മൊബൈലില്‍ ഇങ്ങനെയൊരു സന്ദേശം അയച്ചു - ഗ്രഹാംബെല്‍ ടെലിഫോണ്‍ കണ്ടുപിടിച്ചു. നോക്കുമ്പോള്‍ അതില്‍ രജനികാന്തിന്റെ രണ്ട് മിസ്ഡ് കോളുകള്‍!” ഇതുകൊണ്ടും ബിഗ്ബി അവസാനിപ്പിച്ചില്ല. തന്റേതായി ഒരഭിപ്രായവും അങ്ങോര്‍ എടുത്തുകാച്ചി. “ബ്രില്യന്റ്!!!”

ഏഴര, കണ്ടകം തുടങ്ങിയ ശനികളെല്ലാം കൂടി ഒരുമിച്ചുകൂടി ബിഗ്ബിയെ ആക്രമിച്ച നേരത്താണ് ഇങ്ങനെയൊന്ന് കുറുകാന്‍ അങ്ങോര്‍ക്ക് തോന്നിയതെന്ന് രണ്ടുതരം! രജനി രസികരുടെ കുറുകലും മുരളിച്ചയും അമറലും കൊണ്ട് ബച്ചന്റെ ട്വിറ്റര്‍ സഞ്ചി നിറഞ്ഞു. ഇനി ഒരു രണ്ടു മാസത്തേക്കെങ്കിലും ട്വിറ്ററിലേക്ക് തിരിഞ്ഞുനോക്കാന്‍ സാധിക്കാത്ത വിധം അത് തെറികൊണ്ട് നിറഞ്ഞു.

ദക്ഷിണേന്ത്യയിലെ “അര്‍ദ്ധ ദൈവ പദവി”യുള്ള രജനി മന്നനെ ഇമ്മാതിരി ഫലിതം കൊണ്ട് തറ പറ്റിച്ചത് ശരിയായില്ലെന്നാണ് ഒരു പ്രവാസി രസികന്‍ ട്വീറ്റ് ചെയ്തത്. തന്റെ പേരില്‍ ദൈവനിന്ദ, മതനിന്ദ തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തപ്പെടുന്നത് തിരിച്ചറിഞ്ഞ ബിഗ്ബി ഉടന്‍ ക്ഷമാപണസ്വരത്തില്‍ പ്രതികരിച്ചു: “ഞാന്‍ രജനിയെ വിമര്‍ശിക്കുകയായിരുന്നില്ല.... യഥാര്‍ത്ഥത്തില്‍ പുകഴ്ത്തുകയായിരുന്നു.... അദ്ദേഹത്തിന്റെ ശക്തിയും മഹത്വവും എടുത്തുകാട്ടുകയായിരുന്നു.” ഒടുവില്‍ ബച്ചന്‍ ഇത്രകൂടി പറഞ്ഞു: “അദ്ദേഹം ദൈവത്തെപ്പോലെ പൂജിക്കപ്പെടുന്നയാളാണ്!”

ബച്ചന്‍ എങ്ങനെയാണ് രജനിയെ പുകഴ്ത്തിയതെന്ന് രസികര്‍ക്ക് ഇപ്പോഴും പിടികിട്ടിയിട്ടില്ല. കട്ടൌട്ടറില്‍ പാലഭിഷേകം, ഗണപതി ഹോമം, സ്ക്രീനിലേക്ക് മാല, കത്തി തുടങ്ങിയവ എറിഞ്ഞുകൊടുക്കല്‍ എന്നിവയൊന്നുമില്ലാതെ എങ്ങനെയാണ് സ്റ്റൈല്‍ മന്നനെ പുകഴ്ത്തുന്നത്?

വെബ്ദുനിയ വായിക്കുക